സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും
തിരുവനന്തപുരം: ശിക്ഷാ സമ്പ്രദായങ്ങളില്‍ ഏറ്റവും ആധുനിക രീതികളിലൊന്നായ പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിനും ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനുമായി നവംബര്‍ 15 ‘നല്ലനടപ്പ് ദിനം’ ആയി ആചരിക്കുകയാണ്. ഭരണ, നീതിന്യായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ ജന്മദിനമാണ് നല്ലനടപ്പ് ദിനമായി ആചരിക്കാന്‍ സംസ്ഥാനം തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 4 വരെ സെമിനാറുകള്‍, മത്സരങ്ങള്‍, ശില്പശാലകള്, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, പ്രൊബേഷന്‍ അനുബന്ധ പദ്ധതികളെ സംബന്ധിച്ചുള്ള അവബോധ രൂപീകരണം തുടങ്ങി വിവിധ പരിപാടികള്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുണ്ട്.
നല്ലനടപ്പ് ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 15-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പട്ടം ഇ.എം.എസ്. ഹാളില്‍ (ജില്ലാ പഞ്ചായത്ത്) വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിക്കും. മലപ്പുറം ജില്ലയില്‍ നല്ലനടപ്പില്‍ കഴിയുന്ന ഷബീറലിയുടെ ‘നേര്‍വഴി തടവറക്കവിതകള്‍’ ചടങ്ങില്‍ പ്രകാശിപ്പിക്കും. കവി ആലങ്കോട് ലീലാകൃഷ്ണന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കും. സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കുന്ന ‘സുനീതി’ വാര്‍ത്താപത്രിക മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന് നല്കി പ്രകാശനം ചെയ്യും. തിരുവനന്തപുരം നഗരസഭ മേയര്‍ കെ. ശ്രീകുമാര്‍ കവി ഷബീറലിയെ ആദരിക്കും. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ കെ.ടി. നിസാര്‍ അഹമ്മദ് വി.ആര്. കൃഷ്ണയ്യര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എ. ജൂബിയ, എ.ഡി.ജി.പി ബി.സന്ധ്യ, ജയില്‍ ഡി.ഐ.ജി എസ്. സന്തോഷ്, പ്രൊബേഷന്‍ ഉപദേശക സമിതി അംഗം പ്രൊഫ. ജേക്കബ് ജോര്‍ജ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, സാമൂഹ്യനീതി അസി. ഡയറക്ടര്‍ കെ.വി. സുഭാഷ് കുമാര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഏലിയാസ് തോമസ് എന്നിവര്‍ പങ്കെടുക്കും.
1958ലെ നല്ലനടപ്പ് നിയമമാണ് ഇന്ത്യയില്‍ പ്രൊബേഷന്‍ സംവിധാനത്തിന്റെ അടിസ്ഥാനം. 1960ല്‍ കേരളത്തില്‍ നല്ലനടപ്പ് ചട്ടങ്ങളും നിലവില്‍വന്നു. കൂടാതെ കുട്ടികളുടെ പ്രൊബേഷന്‍ രീതികള്‍ കാര്യക്ഷമമാക്കുന്നതിനായി ബാലനീതി നിയമവും യുവജനങ്ങളുടെ നല്ല നടപ്പിനായി കേരള ബോസ്റ്റല്‍ സ്കൂള്‍ നിയമവും നിലവിലുണ്ട്. 18 വയസിന് മുകളിലുള്ളവരുടെ നല്ലനടപ്പ് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ മുന്നോട്ടു പോകുന്ന കാഴ്ചയായിരുന്നു കേരളത്തിലുള്ളത്. നീതിന്യായ സംവിധാനത്തിന്റെ സഹായത്തോടെ ഇതിനെ മറികടക്കാനുള്ള സര്‍ക്കാറിന്റെ തീവ്രശ്രമം ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്.
ജുഡീഷ്യറി, പോലീസ്, ജയില്‍, പ്രോസിക്യൂഷന്, സാമൂഹ്യനീതി തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനവും സാമൂഹ്യ ശാസ്ത്ര, മന:ശാസ്ത്ര, സാങ്കേതിക മേഖലകളുടെ ഇടപെടലും ശക്തമാക്കുന്നതിലൂടെ നല്ലനടപ്പ് സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും. ഇതിനായാണ് കേരളത്തില്‍ പുതുതായി ഒരു ദിനത്തിന് തുടക്കം കുറിക്കുന്നതെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.