തിരുവനന്തപുരം: സനല്‍ കുമാറിന്റെ കൊലപാതകം മനപ്പൂര്‍വ്വമെന്ന് ക്രൈംബ്രാഞ്ച്.വഴിയിലേക്ക് വാഹനം വരുന്നത് കണ്ടാണ് സനലിനെ തള്ളിയിട്ട് മനപ്പൂര്‍വ്വം കൊലപ്പെടുത്തിയത് എന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി . ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ഹരികുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കരുത് എന്നും ആവശ്യം അറിയിച്ചിട്ടുണ്ട്. ഹരികുമാറിനെതിരെ പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഹരികുമാര്‍ കേരളത്തില്‍ എത്തിയതായും സൂചനകള്‍ നിലനില്‍ക്കുന്നുണ്ട്.
അതേസമയം, ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടിക്കാന്‍ കഴിയാത്തത് പൊലീസിന് വലിയ തലവേദനയായിരിക്കുകയാണ്. പൊലീസും പ്രതിയും ഒത്തുകളിക്കുന്നുവെന്ന ആക്ഷേപം ഉയരുമ്പോഴും പ്രതിയുടെ പിന്നാലെയാണു തങ്ങള്‍ എന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഹരികുമാറും സുഹൃത്ത് കെ.ബിനുവുമാണ് ഒളിവില്‍. ക്രൈംബ്രാഞ്ച് ഐജി: എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഒളിവില്‍ പോകാന്‍ സഹായിച്ച ബിനുവിന്റെ മകനെയും തൃപ്പരപ്പിലെ ലോഡ്ജ് നടത്തിപ്പുകാരനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.