മാസപ്പടി കേസിൽ വീണ വിജയന്റെ മൊഴിയെടുത്ത സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ നടപടിയിൽ പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാർട്ടിയുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. പ്രതിപക്ഷ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കേസ് സെറ്റില്‍ ചെയ്തു എന്ന് പറഞ്ഞതില്‍ വസ്തുതയില്ലെന്ന് വ്യക്തമായി. ബിജെപിയും ആര്‍എസ്എസുമായി മുഖ്യമന്ത്രി കോംപ്രമൈസ് നടത്തുന്നുവെന്ന് പ്രചാരണം നടത്തിയില്ലേ. അവര്‍ക്കിപ്പോള്‍ എന്താണ് പറയാനുള്ളത്. പാര്‍ട്ടി നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും റിയാസ് പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രിയോട് ആര്‍എസ്എസിനും ബിജെപിക്കും പ്രത്യേക സ്നേഹമാണ്. അതുകൊണ്ടാണല്ലോ തലക്ക് ഇനാം പ്രഖ്യാപിച്ചതെന്നും റിയാസ് പരിഹസിച്ചു.
എസ്എഫ്ഐഒ അന്വേഷണം ഈ മാസം അവസാനിരിക്കെയാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. 8 മാസമായിരുന്നു അന്വേഷണത്തിന്റെ സമയപരിധി. അന്വേഷണ റിപ്പോർട്ട് ഭാഗികമായി തയ്യാറായതായാണ് സൂചന. എസ് എഫ് ഐ ഒ അന്വേഷണം നിയമവിരുദ്ധമാണെന്ന സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതിയിലുണ്ട്. ഇതിൽ തീരുമാനമാകും വരെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കോടതി സ്റ്റേ ഏർപ്പെടുത്തിയിരുന്നു. നവംബർ 12 വരെയാണ് സ്റ്റേ. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കന്പനിയായ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുന്നത്.