ചെന്നൈയിലെ ശ്രീദേവി കുപ്പം റസ്റ്റോറൻ്റിൽ ചൊവ്വാഴ്ച പതിനാറുകാരൻ ഉൾപ്പെടെ രണ്ടുപേരെ മർദിച്ച സംഭവത്തിൽ പ്രശസ്ത ഗായകൻ മനോയുടെ രണ്ടു മക്കളുൾപ്പെടെ നാലുപേർക്കെതിരെ വളസരവാക്കം പൊലീസ് കേസെടുത്തു. മനോയുടെ മക്കളായ ഷാക്കിറും റാഫിയും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
ആലപ്പാക്കം സ്വദേശിയായ കിരുബാകരൻ (20), മധുരവോയൽ സ്വദേശിയായ 16 വയസ്സുകാരന് എന്നിവർ ചൊവ്വാഴ്ച ടര്‍ഫിലെ ക്രിക്കറ്റ് മത്സരത്തിന് ശേഷം വളസരവാക്കത്തിന് അടുത്ത് ശ്രീദേവി കുപ്പത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് സംഭവം എന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.
ഗായകൻ്റെ രണ്ട് മക്കളായ ഷാക്കിറും റാഫിയും മദ്യപിച്ച് സുഹൃത്തുക്കളോടൊപ്പം അത്താഴം കഴിക്കാൻ ഒരേ സമയം ഹോട്ടലിൽ എത്തിയിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് മർദിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യസഹായം നൽകി.
ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ വളസരവാക്കം പോലീസ് കേസെടുത്തു. തുടർന്ന് പോലീസ് മനോവിൻ്റെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഷാക്കിറും റാഫിയും രക്ഷപ്പെടുകയാണെന്നാണ് വാർത്തകൾ. ബന്ധുക്കളുടെ ഫോണുകളും പോലീസ് ചോർത്തുന്നുണ്ടെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.