സംസ്ഥാനം നേരിട്ട ദുരന്തത്തില്‍ നിന്നുള്ള അതിജീവനത്തിനായി ഒന്നിച്ച് നില്‍ക്കാമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പുത്തുമലയിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ നിന്നും ജീവന് രക്ഷിച്ച് മേപ്പാടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ക്യാമ്പില്‍ എത്തിച്ച ദുരിതബാധിതരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തത്തിന്റെ കടുത്ത വേദന കടിച്ചമര്‍ത്തി കഴിയുകയാണ് ക്യാമ്പിലുള്ളവര്‍. വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍ നേരിട്ടവരാണവര്‍. വീടും സ്വത്തും നഷ്ടപ്പെട്ടവരും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും ക്യാമ്പുകളിലുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ രീതിയിലുള്ള ദുരന്തമാണ് നമുക്ക് നേരിടേണ്ടി വന്നത്.
ദുരന്തത്തില്‍ നിന്നുള്ള അതിജീവനത്തിനായി സര്‍ക്കാരിന് വിവിധ കാര്യങ്ങള്‍ ചെയ്യാനുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതില്‍ മുന്‍ഗണന നല്‍കുന്നത്. ഒട്ടേറെപേരെ ദുരന്തമുഖത്തു നിന്ന് രക്ഷിച്ചെടുക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഇനിയും കുറച്ചു പേരെ കണ്ടെത്താനുണ്ട്. അതിനുള്ള തുടര്‍ പ്രവര്‍ത്തനമുണ്ടാകും. പുനരധിവാസവും വീട്, സ്ഥലം, കൃഷി എന്നിങ്ങനെയുള്ള നഷ്ടങ്ങള്‍ക്കും സര്‍ക്കാര്‍ പരിഹാരം കാണും. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്, എ.കെ.ശശീന്ദ്രന്, ടി.പി.രാമകൃഷ്ണന് തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ സംവിധാനം നടപടികള്‍ തുടര്‍ന്ന് വരികയാണ്.
പുത്തുമല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളെ അദ്ദേഹം ആശ്വസിപ്പിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് മേപ്പാടി സ്വദേശി വി.പി.ശങ്കരന് നമ്പ്യാര്‍ സംഭാവന ചെയ്ത അമ്പതിനായിരം രൂപയുടെ ചെക്ക് മുഖ്യമന്ത്രി സ്വീകരിച്ചു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്, ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്, എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്, ഒ.ആര്.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ്മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണു, സ്പെഷ്യല്‍ ഓഫീസര്‍ യു.വി.ജോസ്, ജില്ലാ കളക്ടര്‍ എ.ആര്. അജയകുമാര്‍, സര്‍വെ ഡയറക്ടര്‍ വി.ആര്. പ്രേംകുമാര്‍, സബ് കളക്ടര്‍ എന്‍.എസ്. കെ.ഉമേഷ്, തലശ്ശേരി സബ്കളക്ടര്‍ ആസിഫ്. കെ.യൂസഫ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.