പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം രാജകുടുംബത്തിന് തന്നെയെന്ന് സുപ്രീം കോടതി. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവാലാണ് നിര്‍ണായകമായ വിധി സുപ്രീം കോടതി പ്രഖ്യാപിച്ചത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താത്കാലിക ഭരണ സമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ രാജകു ടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ രാജ കുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. പുതിയ ഭരണ സമിതിയെ ക്ഷേത്രഭരണം ഏല്പിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടര്‍ന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കണമെന്നും സുപ്രീംകോടതി പറയുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011 ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. ക്ഷേത്രത്തിലെ എല്ലാ നിലവറകളും തുറന്ന് ആസ്തിയും മൂല്യവും തിട്ടപ്പെടുത്തണം, നിധികള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയമുണ്ടാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന് നായര്‍, കെ. സുരേന്ദ്രമോഹന്‍ എന്നിവരുടെ ബെഞ്ച് സര്‍ക്കാരിന് നല്‍കിയിരുന്നു. ക്ഷേത്രത്തിന്റെ സ്വത്തില്‍ ഒരു അവകാശവും തിരുവിതാംകൂര്‍ രാജകുടുംബം ഉന്നയിക്കുന്നില്ല. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠക്ക് അവകാശപ്പെട്ടതാണ്. അത് നോക്കി നടത്താനുള്ള ഭരണപരമായ അവകാശമാണ് രാജകുടുംബം കോടതിയില്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ യു യു ലളിതും ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യു യു ലളിതാണ് വിധി പ്രസ്താവം നടത്തിയത്.