എല്‍ഐസി സ്വകാര്യവല്ക്കരിക്കരുതെന്നും നീക്കം ഉപേക്ഷിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ മൂന്നില്‍ രണ്ടു ഭാഗം ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പു വരുത്തുന്ന, രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖല വ്യവസായ സ്ഥാപനങ്ങളും വികസന പദ്ധതികളും നടപ്പിലാക്കാന്‍ 8 ലക്ഷം കോടിയിലധികം നിക്ഷേപം നടത്തിയ എല്‍ഐസി കേന്ദ്ര സര്‍ക്കാര്‍ വില്പനയ്ക്ക് വെച്ചിരിക്കുകയാണ്. സ്വദേശി വല്ക്കരണത്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്ന പ്രസ്താവന വെറും ഇരട്ടത്താപ്പു മാത്രമാണെന്ന് വീണ്ടും തെളിയിച്ചു കൊണ്ടാണ് എല്‍ ഐ സിക്കായുള്ള സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളുടെ ടെന്‍ഡറുകള്‍ ജൂലൈ 14ന് തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളുടെയും ജീവിത സുരക്ഷയും ഗ്രാമങ്ങളിലടക്കം എല്‍ഐസി ഏജന്‍സി വഴിയുള്ള വരുമാനം കൊണ്ട് ജീവിക്കുന്ന ലക്ഷങ്ങളുടെ ജീവിതമാര്‍ഗവും ഇല്ലാതാകും. സ്വകാര്യ വല്‍ക്കരണത്തിനെതിരെ ആള് ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് എംപ്ലോയീസ് ഫെഡറേഷന് ജൂലൈ 14ന് സേവ് എല്‍ഐസി ദിനം ആചരിക്കുകയാണ്. കോവിഡ് ലോക്ക് ഡൗണ്‍ മറയാക്കി, എല്‍ഐസി, ബിഎസ്എന്‍എല്‍, ഡിഫന്‍സ് ഫാക്ടറികള്‍, ഭാരത് പെട്രോളിയം എന്നിവയടക്കം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റു തുലക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം പൊതു സമൂഹത്തില്‍ നിന്നും ഉയരണമെന്നും സേവ് എല്‍ഐസി ദിനാചരണം കേന്ദ്ര സര്‍ക്കാറിന് ഒരു താക്കീതായി മാറണമെന്നും കാനം രാജേന്ദ്രന് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു