കൊച്ചി: നെട്ടൂരില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ വീട്ടില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. അര്‍ജുന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. അര്‍ജുനെ കണ്ടെത്തുന്നതില്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അര്‍ജുന്റെ വധത്തില്‍ പല ദുരൂഹതകളും നിലനില്‍ക്കുന്നുണ്ട്. പ്രതികളെ പൊലീസിന് പിടിച്ചു കൊടുത്തത് നാട്ടുകാരാണ്. ഈ കേസില്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ കൃത്യവിലോപവും അലംഭാവവും ഉണ്ടായെന്ന കാര്യം ഉറപ്പാണ്. അഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഇതില്‍ നിന്നും വ്യക്തമാക്കുന്നത്. 3
അര്‍ജുനെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും കൃത്യമായ അന്വേഷണം നടത്താതിരുന്ന പൊലീസുകാര്‍ക്ക് എതിരെയും അന്വേഷണം വേണം. അര്‍ജുന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷം ഞെട്ടിപ്പിക്കുന്നതാണെന്നും കത്തിക്കുത്ത് കേസിലെ പ്രതികള്‍ സര്‍ക്കാര്‍ സംരക്ഷണയിലാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ക്യാംപസിലെ ഗുണ്ടാ രാഷ്ട്രീയം അവസാനിപ്പിക്കണം. പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്നും ഗുരുതരമായ അനാസ്ഥയുണ്ടായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.