മൂവാറ്റുപുഴ: ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി മൂവാറ്റുപുഴ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 14ന് കോടതികളില്‍ അദാലത്ത് നടത്തും. മൂവാറ്റുപുഴ കോടതി സമുച്ചയം, പിറവം മജിസ്ട്രേറ്റ് കോടതി എന്നിവടങ്ങളിലായി ആറു ബൂത്തുകളില്‍ രാവിലെ 10ന് അദാലത്ത് ആരംഭിക്കും.
ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, അഭിഭാഷകര്‍ തുടങ്ങിയവരുടെ സൗജന്യ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കും. കോടതികളില്‍ നിലവിലുള്ള കേസുകളില്‍ ഇരുകക്ഷികളും ജഡ്ജിയുടെയും അഭിഭാഷകന്റെയും സാന്നിധ്യത്തില്‍ സമവായത്തിലൂടെ കേസുകള്‍ തീര്‍പ്പാക്കുകയാണ് ലക്ഷ്യം.
അദാലത്തിലൂടെ തീര്‍പ്പായാല്‍ ആ ഉത്തരവ് സുപ്രീംകോടതി വിധിക്ക് തുല്യമാണ്. ഒരു കോടതിയിലും അപ്പീല്‍ നല്കുവാനാകില്ല. കോടതിയില്‍ കെട്ടിവെച്ച മുഴുവന്‍ കോര്‍ട്ട്ഫീസും തിരികെ ലഭിക്കും. കോടതിയില്‍ നിന്നും നോട്ടീസ് ലഭിച്ചില്ലെങ്കിലും ഇരു കക്ഷികളും അദാലത്തില്‍ വന്നാല്‍ കേസുകള്‍ തീര്‍പ്പാക്കാവുന്നതാണ്.
വാഹനാപകടത്തില്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള കാലതാമസം ഒഴിവാക്കാനായി ഇന്‍ഷുറന്‍സ് കന്പനികളുടെ സഹകരണത്തോടെ ഉടന്‍ തന്നെ നഷ്ടപരിഹാരതുക ലഭ്യമാക്കുന്നു.കോടതിയില്‍ നിലവിലില്ലാത്ത കേസുകളില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ എതിര്‍കക്ഷിയെ വിളിച്ചു വരുത്തി ഒത്തുതീര്‍പ്പിന് ശ്രമിക്കും.
ധനകാര്യസ്ഥാപനങ്ങളില്‍ കുടിശ്ശിക ഉള്ള വായ്പകള്‍ കുറഞ്ഞ കാലയളവില്‍ വന്‍ ഇളവുകളോടെ അടച്ചു തീര്‍പ്പാക്കാന്‍ വിവിധ ബാങ്കുകള്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെലിഫോണ്‍ കുടിശ്ശികയില്‍ റെവന്യൂറിക്കവറി പോലുള്ള നിയമ നടപടിയിലേക്കു പോകുംമുന്‍പ് ഇളവുകളോടെ കുടിശ്ശിക അടച്ചു തീര്‍പ്പാക്കാനുള്ള സൗകര്യം ഉണ്ട്. അദാലത്തിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി ചെയര്‍മാനും അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ കെ. എ. പ്രഭാകരന് അഭ്യര്‍ത്ഥിച്ചു.