തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിലും വന്ധ്യംകരണം നടത്തുന്നതിലും വന്‍ പരാജയം. വകുപ്പുകളുടെ ഏകോപനമില്ലാതായതോടെ വന്ധ്യംകരണവും പേവിഷ പ്രതിരോധ വാക്സിന് നല്‍കലും നിലച്ചു.
തെരുവ് നായ ശല്യം കുറയ്ക്കാനായി സംസ്ഥാനത്ത് ആവിഷ്കരിച്ച പദ്ധതിയായിരുന്നു ആനിമല്‍ ബെര്‍ത്ത് കണ്ട്രോള് പദ്ധതി(എബിസി). നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവെയ്പ്പെടുത്ത ശേഷം തിരികെ വിടുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. നായ്ക്കളെ പിടികൂടാന്‍ ആളുകളെ കിട്ടാത്തത് പദ്ധതിയെ പിന്നോട്ടടിച്ചു. മൂന്ന് ലക്ഷത്തിലേറെ തെരുവുനായ്ക്കളുള്ള സംസ്ഥാനത്ത് കഴിഞ്ഞ മാര്‍ച്ച് വരെ വന്ധ്യംകരണം നടത്തിയത് 10,000 നായ്ക്കളില്‍ മാത്രമാണ്. 82 വന്ധ്യംകരണ കേന്ദ്രങ്ങള്‍ തുറക്കുമെന്നായിരുന്നു പ്രഖ്യാപനം. നിലവില്‍ 18 എണ്ണം മാത്രമാണുള്ളത്.
മൂന്ന് ലക്ഷത്തോളം തെരുവുനായ്ക്കള്‍ക്ക് വാക്സിന് നല്കാന് പദ്ധതി തയ്യാറാക്കിയെങ്കിലും 2022 സെപ്റ്റംബര്‍ മുതല്‍ 2023 ജൂണ്‍ 11 വരെ 32,061 തെരുവുനായ്ക്കള്‍ക്ക് മാത്രമാണ് വാക്സിന് നല്‍കിയതെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വന്ധ്യംകരണം ശസ്ത്രക്രിയ വഴി തെരുവുനായ നിയന്ത്രണത്തിന് തദ്ദേശസ്ഥാപനങ്ങള്‍ നീക്കിവെച്ചത് 10.36 കോടി രൂപയാണ്. 432 തദ്ദേശസ്ഥാപനങ്ങളാണ് പദ്ധതിയില്‍ പങ്കുച്ചേര്‍ന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് തെരുവുനായ വന്ധ്യംകരണം അടക്കമുള്ള പദ്ധതികളുമായി സര്‍ക്കാരെത്തിയത്. തദ്ദേശ,മൃഗസംരക്ഷണ, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായാണ് തെരുവുനായ വന്ധ്യംകരണ, പ്രതിരോധ വാക്സിന് നടപടികള്‍ ഏകോപിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നായ്ക്കളെ പിടിക്കുന്നത് സംബന്ധിച്ചും അവയെ പരിപാലിക്കുന്നത് സംബന്ധിച്ചും അവ്യക്ത തുടര്‍ന്നതിനാല്‍ പദ്ധതി വേഗത്തില്‍ മുന്നോട്ട് നീങ്ങിയില്ല.
പിടികൂടുന്ന നായ്ക്കള്‍ക്ക് ആഹാരം നല്‍കുന്നത് അടക്കമുള്ള ചെലവ് വഹിക്കാനാവില്ലെന്നായിരുന്നു മൃഗസംരക്ഷണ വകുപ്പിന്റെ നിലപാട്. ബ്ലോക്കുകള്‍ നേരിട്ട് വന്ധ്യംകരണം നടത്തുന്നുവെങ്കില്‍ നായ ഒന്നിന് ശസ്ത്രക്രിയ്ക്ക് 1500 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. മരുന്നിന് 600,യാത്രയ്ക്ക് 200,ആഹാരത്തിന് 400,നായയെ പിടികൂടുന്ന ഡോഗ് ക്യാച്ചര്‍മാര്‍ക്ക് 300രൂപ. ഇതിനായി ഫണ്ട് വിനിയോഗിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.