തിരുവനന്തപുരം: ഓശാനയോടനുബന്ധിച്ച് ഡല്‍ഹി സെന്റ് മേരീസ് പള്ളിയില്‍ നിന്നും സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലേക്ക് നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ദില്ലി പൊലീസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ഇത് ജനാധിപത്യ വിരുദ്ധവും മത സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റവുമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ.
ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും എതിരെ സംഘ്പരിവാര്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടയിലാണ് രാജ്യ തലസ്ഥാനത്തും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ക്രൈസ്തവ ആചാരത്തിന് വിലക്കേര്‍പ്പെടുത്തിയത്. മതപരമായ ഭിന്നിപ്പുണ്ടാക്കി വര്‍ഗീയത വളര്‍ത്തി എങ്ങനെയും ഭരണം നിലനിര്‍ത്തുകയെന്ന തന്ത്രമാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.കേരളത്തിലെ ക്രൈസ്തവ വീടുകളില്‍ ഈസ്റ്ററിന് കേക്കുമായി എത്തുന്ന അതേ ബി.ജെ.പിയും സംഘ്പരിവാറുമാണ് രാജ്യത്ത് ഉടനീളെ ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. ഇതേ സംഘ്പരിവാറാണ് ജബല്പൂരില് ഉള്‍പ്പെടെ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതും. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആരാധനാ അവകാശങ്ങള്‍ റദ്ദാക്കുന്ന ബി.ജെ.പി- സംഘ്പരിവാര്‍ ഭരണകൂടങ്ങളുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.