കണ്ണൂരില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകള്‍ മരുന്ന് മാറി നൽകിയ സംഭവത്തിൽ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന. ഇവിടെ നിന്നാണ് കുഞ്ഞിനായുള്ള മരുന്ന് വാങ്ങിയിരുന്നത്. ഡോക്ടര്‍ കൃത്യമായി മരുന്ന് എഴുതിയിട്ടും ഡോസ് കൂടിയ മരുന്ന് എടുത്ത് നല്‍കിയത് ഫാര്‍മസിസ്റ്റുകളെന്നാണ് ആരോപണം. കുഞ്ഞിന് നല്‍കിയത് മൂന്ന് മടങ്ങ് ഡോസ് കൂടിയ മരുന്നായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് പനി ബാധിച്ച കുട്ടിയേയും കൊണ്ട് വീട്ടുകാര്‍ പഴയങ്ങാടിയിലെ ക്ലിനിക്കിലെത്തിയത്. ഡോക്ടർ കാല്പോള് സിറപ്പ് കുറിച്ച് നല്കി. എന്നാല്‍ കുറിപ്പടിയുമായെത്തിയ വീട്ടുകാര്‍ക്ക് ഖദീജ മെഡിക്കല്‍ സ്റ്റോറിലെ ഫാര്‍മസിസ്റ്റുകള്‍ എടുത്ത് നല്‍കിയത് കാല്പോള് ഡ്രോപ് ആണ്. മാറിയതറിയാതെ മൂന്ന് നേരം വീട്ടുകാര്‍ കുട്ടിയ്ക്ക് മരുന്ന് കൊടുത്തു. പനി അതിവേഗം മാറിയെങ്കിലും കുട്ടിയ്ക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ തോന്നിയതോടെ വീട്ടുകാര്‍ വീണ്ടും ക്ലിനിക്കിലെത്തുകയായിരുന്നു.
മരുന്ന് മാറിയത് അറിഞ്ഞ ഡോക്ടർ ഉടന്‍ തന്നെ കുട്ടിയ്ക്ക് ലിവര്‍ ഫങ്ഷന് ടെസ്റ്റ് നിര്‍ദേശിച്ചു. അതിന്റെ ഫലങ്ങള്‍ പലതും ഉയര്‍ന്ന നിരക്കിലായിരുന്നു. ഉടന്‍ കുട്ടിയെ കണ്ണൂരിലെ ആസ്റ്റര്‍ മിംമ്സിലേക്ക് മാറ്റണമെന്നും വൈകിയാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വരെ തകരാറിലാകുമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കുട്ടിയെ ആസ്റ്റര്‍ മിംമ്സിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുട്ടിയുടെ നില കുറച്ചുകൂടി മെച്ചപ്പെട്ടത് ആശ്വാസമാകുന്നുണ്ട്. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു.