ഇടുക്കി: വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കമ്പംമെട്ട് പോലീസ് നടത്തിയ പരിശോധനയിൽ ആലപ്പുഴ വണ്ടാനം സ്വദേശി അഷ്കർ (24) ആണ് പിടിയിലായത്. കമ്പംമെട്ട് പോലീസ് അന്യാർതൊളു നിർമലാപുരം ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ കറുത്ത ബാഗുമായി ഒരു യുവാവ് സംശയാസ്പദമായ സാഹചര്യത്തിൽ റോഡിൽ നിൽക്കുന്നതായി കണ്ടു.
ഇതേ തുടർന്ന് ഇയാളുടെ ബാഗിൽ നിന്നും ഹാഷിഷ് ഓയിൽ കണ്ടെത്തുകയുമായിരുന്നു. കമ്പംമെട്ട് സർക്കിൾ ഇൻസ്പെക്ടർ വർഗീസ് ജോസഫ്, സിവിൽ പൊലീസ് ഓഫീസർമാരായ തോമസ്, റിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും അന്വേഷണം നടത്തുന്നുണ്ട്.