തിരുവനന്തപുരം: മുതിരപ്പുഴയാറിലെ പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണത്തിനെതിരെ നിലപാട് എടുത്ത സബ്കളക്ടര്‍ രേണു രാജിന് പിന്തുണ അറിയിച്ച് ഐഎഎസ് അസോസിയേഷന് രംഗത്ത്. ബുധനാഴ്ച ചേര്‍ന്ന അസോസിയേഷന് എക്സിക്യൂട്ടീവ് യോഗമാണ് രേണുരാജിന് പൂര്‍ണ പിന്തുണ നല്കാന് തീരുമാനിച്ചത്.
വിഷയത്തിലെ സബ്കളക്ടറുടെ നിലപാടിന് സംസ്ഥാന വ്യാപകമായ പിന്തുണയും പ്രശംസയും ലഭിക്കുന്നതിനിടെയാണ് അസോസിയേഷനും പിന്തുണ അറിയിച്ചിരിക്കുന്നത്.
മൂന്നാറിലെ മുതിരപ്പുഴയാറിന് സമീപമുളള പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണത്തിന് ഹെെക്കോടതി സ്റ്റേ ചെയ്തിരുന്നു . ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് നിര്‍മ്മാണം സ്റ്റേ ചെയ്തത്. മൂന്നാറിലെ സിപിഐ നേതാവ് ഔസേഫ് നല്കിയ ഹര്‍ജിയിലാണ് നടപടി. ഇതോടെ ഔസേഫിന്റെ ഹര്‍ജിയും സര്‍ക്കാരിന്റെ ഉപഹര്‍ജിയും കോടതി ഒരുമിച്ച് പരിഗണിക്കും. രണ്ടാഴ്ചക്ക് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും. കേസില്‍ എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
കോടതി നടപടിയില്‍ മറുപടിയില്ലെന്നാണ് ദേവികുളം എംഎല് എ എസ് രാജേന്ദ്രന് പ്രതികരിച്ചത്.
ഇതേസമയം പഞ്ചായത്തും കരാറുകാരനും കോടതി ഉത്തരവ് ലംഘിച്ചെന്ന് സര്‍ക്കാര്‍. അനുമതിയില്ലാതെയാണ് പഞ്ചായത്ത് കെട്ടിടം നിര്‍മ്മിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.