പോക്സോ കേസില്‍ ഇരയായ ആലുവയിലെ പതിന്നാലുകാരിയുടെ മരണത്തില്‍ ഇരയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. മൃതദേഹവുമായി കൊച്ചി കാക്കനാട്ടെ ശിശുക്ഷേമസമിതി ഓഫിസിലേക്ക് പ്രകടനം നടത്തി. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും സംരക്ഷണ കേന്ദ്രത്തിലാക്കിയ ശേഷം തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കേസില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്കി. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ അന്വേഷിക്കുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഓട്ടിസം ബാധിച്ച കുട്ടിയാണ് മരിച്ചത്. നടപടി ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആലുവ സ്വദേശിനിയായ പെണ്‍കുട്ടിയെ 2019 മാര്‍ച്ചില്‍ അയല്‍വാസി പീഡിപ്പിച്ചുവെന്നാണ് കേസ്. കേസെടുത്തതിന് പിന്നാലെ ശിശുക്ഷേമ സമിതിയംഗം പെണ്‍കുട്ടിയെ ചിറ്റേത്തുകരിയിലെ അഗതി മന്ദിരത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ അച്ഛനെതിരെയും പൊലീസ് പീഡനത്തിന് കേസെടുത്തിരുന്നു. എന്നാല്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് അച്ഛനെതിരെയുള്ള വിചാരണ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ തിങ്കള്‍ വൈകീട്ട് പെണ്‍കുട്ടി മരിച്ചതായി അഗതി മന്ദിരത്തില്‍നിന്ന് ബന്ധുക്കളെ അറിയിച്ചു.
ഓട്ടിസം ബാധിച്ച കുട്ടിയുടെ ഭക്ഷണകാര്യത്തിലടക്കം വീഴ്ചയുണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വീട്ടുകാരെ കാണാന്‍ അനുവദിച്ചിരുന്നില്ല. ശിശുക്ഷേമ സമിതിയംഗത്തിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി.
മൃതദേഹമെത്തിച്ച എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസുമെത്തി. വിളര്‍ച്ച ബാധിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം തുടര്‍നടപടിയെടുക്കും.