തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബിന്റെ രാജി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ചെയര്മാന് അബ്ദുള്‍ വഹാബ്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനം വിവാദമായതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ജനറല്‍ തസ്തികയില്‍ നിന്ന് അദീബ് രാജിവെച്ചത്. ഇന്നലെയാണ് കെ ടി അദീബ് രാജിക്കത്ത് നല്‍കിയത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് എംഡിക്ക് ഇ-മെയില്‍ മുഖേനയാണ് രാജിക്കത്ത് നല്‍കിയത്.
വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീബാണെന്ന് മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നു. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആളല്ല അദീബ്. ഡെപ്യൂട്ടേഷന് ഉപേക്ഷിച്ചാലും അദീപിന് ഇതിനെക്കാള്‍ ഉയര്‍ന്ന ശമ്പളുമുള്ള ജോലിയുണ്ടെന്നും ജലീല്‍ പറഞ്ഞിരുന്നു. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയൈന്ന് അദീബ് കത്തില്‍ പറഞ്ഞിരുന്നു.