ഒരിടവേളയ്ക്ക് ശേഷം സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ഉടന്‍ കത്തയച്ചേക്കും. അതിനുള്ള വിവരങ്ങള്‍ രാജഭവന് തേടുന്നതായാണ് സൂചന. വിഷയത്തിൽ രാഷ്ട്രപതിക്ക് ഗവർണർ ഉടൻ റിപ്പോർട്ട് നൽകും. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരായ തുടർ നടപടിക്കുള്ള സാധ്യതയും രാജ്ഭവൻ പരിശോധിക്കുന്നുണ്ട്. കേന്ദ്ര സർവീസ് ചട്ട പ്രകാരമുള്ള നടപടി സാധ്യതയാണ് പരിശോധിക്കുന്നത്.
താന്‍ വിളിപ്പിച്ചിട്ടും എത്താത്ത ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും രാജഭവനിലേക്ക് കടക്കുന്നത് ഗവര്‍ണര്‍ വിലക്കിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസവും കടുത്ത ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നും വിവരങ്ങൾ കൈമാറണമെന്നുമാണ് ഗവർണർ ആവശ്യപ്പെട്ടിരുന്നത്. ഇതിന് തയ്യാറല്ലെന്ന് സർക്കാർ അറിയിച്ചതോടെ ഗവർണർ അതിരൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവെക്കുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. ഈ കത്തിനാണ് അതേ ഭാഷയിൽ മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയത്. വിവരങ്ങൾ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്ചയില്ലെന്നും മുഖ്യമന്ത്രി കത്തില്‍ അറിയിച്ചിരുന്നു.