കൊച്ചി: കൊച്ചി വാട്ടർ മെട്രോയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. പുഴകളുടെയും കായലുകളുടെയും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്താതെ ടെർമിനൽ നിർമ്മാണം നടത്താനാണ് അനുമതി. പരിസ്ഥിതി സംരക്ഷിച്ചുള്ള നിർമ്മാണം ഉറപ്പാക്കുമെന്ന് കെഎംആര്‍എല്‍ എംഡി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു.
15 വ്യത്യസ്ഥ റൂട്ടുകളിൽ 38 ടെർമിനലുകളാണ് വാർട്ടർ മെട്രോയ്ക്കായി പണികഴിപ്പിക്കേണ്ടത്. വൈറ്റിലയും ഹൈക്കോടതി ഭാഗത്തും ടെർമിനൽ നിർമ്മാണം ഇതിനകം തുടങ്ങിയെങ്കിലും ചില റൂട്ടിൽ സിആർഇസെഡ് നിയമത്തിലെ പ്രശനങ്ങൾ കാരണം നിർമ്മാണം തുടങ്ങാനായിരുന്നില്ല. തുടർന്നാണ് വാട്ടർ മെട്രോയുടെ നടത്തിപ്പ് ചുമതലയുള്ള കെഎംആർഎൽ വിശദമായ റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയത്.
കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയും പദ്ധതിയ്ക്കായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രത്തിൽ ശുപാർശ നൽകിയിരുന്നു. ഈ റിപ്പോർട്ടുകൾ അംഗീകരിച്ചാണ് അനുമതി നൽകിയത്. കായലുകളുടേയും പുഴകളുടെയോ സ്വാഭാവിക ഒഴുക്ക് തടയരുതെന്ന് കർശന നിർദ്ദേശമുണ്ട്. ദുരന്ത നിവാരണപദ്ധതികളും സുരക്ഷാ മാര്‍ഗരേഖയും നടപ്പാക്കാനും പരിസ്ഥിതി മന്ത്രാലയും നിർദ്ദേശം നൽകി.