മൂവാറ്റുപുഴ: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്കാരം മൂവാറ്റുപുഴ നഗരസഭക്ക്. 2022 – 23 വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനമാണ് മൂവാറ്റുപുഴ നഗരസഭക്ക് ലഭിച്ചതെന്ന് ചെയര്മാന് പി.പി. എല്‍ദോസ് പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതിയുടെ വിജയകരമായ നടത്തിപ്പാണ് നഗരസഭയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. 2022 – 23 വര്‍ഷം ആരോഗ്യ മേഖലയില്‍ മാത്രമായി നഗരസഭ പത്ത് കോടിയോളം രൂപ ചിലവഴിച്ചതായും ചെയര്മാന് വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതു സ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജനം എന്നിവയാണ് അവാര്‍ഡിനായി പരിഗണിച്ചത്. ജില്ലയില്‍ ആദ്യമായി വെല്‍നസ് സെന്റര്‍ ആരംഭിച്ചതും ഇവിടേക്ക് അനുവദിച്ച തുക നൂറശതമാനം സംസ്ഥാനത്ത് ആദ്യം ചിലവഴിച്ചതും മൂവാറ്റുപുഴ നഗരസഭയാണ്.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, ഹോമിയൊ, ആയൂര്‍വേദ ആശുപത്രികള്‍, കിഴക്കേകര, കുര്യന്മല വെല്‍നസ് സെന്ററുകള്‍ വഴിയാണ് ആര്‍ദ്ര കേരളം പദ്ധതി വിജയകരമായി നടപ്പാക്കിയത്. ജനറല്‍ ആശുപത്രിയിലെ ജീവിത ശൈലി രോഗ നിയന്ത്രണ ക്ലിനിക് വഴി 25863 പേരുടെ രക്ത പരിശോധനയും ബി.പി. നിര്‍ണയവും നടത്തി. ക്ലബ് ഫുട്ട് ക്ലിനിക് വഴി നൂറ്റിഅറുപതു പേര്‍ക്ക് ചികിത്സ ലഭ്യമാക്കി. 4680 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്കി. 2370 ഗര്‍ഭിണികള്‍ക്ക് ആരോഗ്യ പരിശോധന നടത്തി.
2370 ശ്വാസകോശ പരിശോധനയും 268 പേര്‍ക്ക് കാന്‍സര്‍ ചികിത്സയും നടത്തി. പാലിയേറ്റീവ് കെയര്‍ വഴി 1123000 രൂപയുടെ സാന്ത്വന പ്രവര്‍ത്തനം നടത്തി. എട്ട് ലക്ഷം രുപയുടെ ഡയാലിസിസും 500000 രൂപയുടെ ജീവിത ശൈലി രോഗങ്ങള്‍ക്കുളള മരുന്ന് വിതരണവും നടത്തി. മെന്‍സ്ട്രുവല്‍ കപ്പ് വിതരണത്തിനായി നാല് ലക്ഷവും കാന്‍സര്‍ മരുന്നിനായി 4000000 രുപയും ചിലവഴിച്ചു. കാന്‍സര്‍ മുക്ത പരിശോധന, കീമോതെറാപ്പി, ഡയാലിസിസ് ധന സഹായ വിതരണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി.
നഗരത്തിലെ വയോജനങ്ങള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കുന്നതിന് വയോമിത്രം പദ്ധതിക്ക് 25 ലക്ഷം രൂപ അനുവദിച്ചു. മരുന്ന് വാങ്ങുന്നതിന് മാത്രമായി ഗവ. ആയൂര്‍വേദ ആശുപത്രിക്ക് 20 ലക്ഷവും ഹോമിയോ ആശുപത്രിക്ക് 18 ലക്ഷവും ജനറല്‍ ആശുപത്രിക്ക് 1,15, 73,052 രൂപയും പദ്ധതികാലത്ത് അനുവദിച്ചു. ഹോമിയൊ ആശുപത്രിയിലെ സീതാലയത്തിന്റെ സേവനം 1229 പേര്‍ക്കും സദ്ഗമയ സേവനം 1144 പേര്‍ക്കും ഇന്‍ഫര്‍ട്ടിലിറ്റി ക്ലിനിക് സേവനം 747 പേര്‍ക്കും പുനര്‍ജനി സേവനം 548 പേര്‍ക്കും ഈ കാലയളവില്‍ ലഭിച്ചു.
ഇതിന് പുറമെ ഖരമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ തരംതിരിച്ച് ശേഖരിക്കുന്നതും ജൈവ മാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റ് മുഖേന സംസ്കരിക്കുന്നതും അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ സേനക്ക് കൈമാറുന്നതും ദ്രവ മാലിന്യം അണു നശീകരണത്തിന് ശേഷം സോക്പിറ്റില് സംസ്കരിക്കുന്നതും പുരസ്കാരം ലഭിക്കുന്നതിന് കാരണമായി. കൗണ്‍സിലര്‍മാരുടെയും സെക്രട്ടറിയുടെയും മറ്റ് ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയം കൂടിയാണ് ഈ പുരസ്കാരമെന്ന് ചെയര്മാന് പി.പി.എല്‍ദോസ് പറഞ്ഞു.