വിഴിഞ്ഞം തുറമുഖ വികസനത്തിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സർവാനന്ത സോനോവാളും ചേർന്ന് മദർ ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിച്ചു. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും മന്ത്രിമാർ ഉപഹാരം നൽകി.കേരളത്തെ സംബന്ധിച്ച് പുതിയ അധ്യായം തുറക്കുന്നു. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ ഏട്.അങ്ങനെ കേരളത്തിന് അതും നേടാനായി.
വിഴിഞ്ഞം ഇടവക വികാരി മോൻസിഞ്ഞോർ നിക്കോളാസ് ചടങ്ങിൽ പങ്കാളിയായി. പരിപാടിയിലേക്കുള്ള ക്ഷണം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നിരസിച്ചിരുന്നു. മുഖ്യമന്ത്രിയും കേന്ദ്ര തുറമുഖമന്ത്രി സോനോവാളിനും പുറമെ അദാനി പോർട്സ് സിഇഒ കരൺ അദാനിയും ചടങ്ങിനെത്തി.ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വിഴിഞ്ഞത് ബർത്ത് ചെയ്യാം. ഇന്ന് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇന്ന് മുതല്‍ തുടങ്ങുകയാണ്. ഉടൻ പൂർണ പ്രവർത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
കപ്പൽ പുറപ്പെട്ടു കഴിഞ്ഞാൽ മാരിൻ അസൂർ, സീസ്പാൻ സാൻഡോസ് എന്നിങ്ങനെ രണ്ട് ഫീഡർ വെസലുകൾ വിഴിഞ്ഞതെത്തും. രണ്ടുമാസം ട്രയൽറൺ തുടരുമെന്നും സെപ്തംബറോടെ തുറമുഖം കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്നുമാണ് സർക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും പ്രതികരണം.