ഐടിഐകളുടെ വികസനത്തിനും ട്രേഡുകള്‍ പുതുതായി ആരംഭിക്കുന്നതിനുള്ള സ്ഥലം സജ്ജമാക്കുന്നതിനും ഉദ്യോഗസ്ഥരും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈകോര്‍ക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്. ചങ്ങനാശേരി, മെഴുവേലി, നെന്മേനി, താഴേക്കോട്, വെസ്റ്റ് എളേരി വനിതാ ഐടിഐകളുടെ സ്ഥലമെടുപ്പും വികസനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മന്ത്രിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ട എംഎല്‍എമാരുടെയും ഐടിഐ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു മന്ത്രി.
വ്യവസ്ഥകളനുസരിച്ച് പ്രദേശങ്ങളിലെ ഐടിഐകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അതതിടങ്ങളില്‍ സ്ഥലം കണ്ടെത്തി നല്‍കേണ്ടത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.
നിലവില്‍ ഇവിടങ്ങളില്‍ സ്ഥലമെടുപ്പ്, സ്ഥലം വാങ്ങുന്നതിനുള്ള ധനസമാഹരണം എന്നിവ സാങ്കേതികത്വം ഉള്‍പ്പെടെയുള്ള പല പ്രശ്നങ്ങളാല്‍ തടസപ്പെടുന്നു.ഐടിഐ ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപനങ്ങളും സ്ഥലം എംഎല്‍എയുടെ സഹകരണം ഉറപ്പാക്കി പദ്ധതിക്കുള്ള തടസങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. വാടക കെട്ടിടങ്ങളിലാണ് ഐടിഐകള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഈ അവസ്ഥ സംസ്ഥാനത്തെ ഐടിഐകളുടെ വികസനത്തിനും വിദ്യാര്‍ഥികളുടെ പഠനത്തിനും ഗുണകരമല്ല. അനുവദിച്ച ട്രേഡുകള്‍ പോലും ആരംഭിക്കാനാകാത്ത വിധത്തിലാണ് സ്ഥലപരിമിതി ഉണ്ടായിരിക്കുന്നത്. നിലവില്‍ ഇവിടങ്ങളിലുള്ള ഐടിഐകള്‍ക്ക് സ്ഥലം അപര്യാപ്തമായതിനാല്‍ കൂടുതല്‍ ട്രേഡുകളോ, പഠനാവശ്യങ്ങള്‍ക്കായുള്ള മറ്റ് നിര്‍മാണങ്ങളോ നടത്താനാകുന്നില്ല. ഇതിനു പരിഹാരമുണ്ടായാല്‍ മാത്രമേ ഐടിഐ വികസനത്തിനും വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. ചങ്ങനാശേരി വനിതാ ഐടിഐയ്ക്കായി കൂടുതല്‍ സ്ഥലം കണ്ടെത്തുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് സ്ഥലം എംഎല്‍എ സി.എഫ്.തോമസ് യോഗത്തിന് ഉറപ്പു നല്കി. സ്ഥലം എത്രയും വേഗം കണ്ടെത്തി നല്‍കുന്നതിന് മുനിസിപ്പാലിറ്റി അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി.
മെഴുവേലി ഗ്രാമ പഞ്ചായത്തിന് തനതുഫണ്ട് ഇല്ലാത്തതിനാല്‍ സ്ഥലം വാങ്ങല്‍ തടസപ്പെട്ടിരിക്കുകയാണ്. ഇതു പരിഹരിക്കുന്നതിന് സ്ഥലം എംഎല്‍എ വീണാജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ അടിയന്തരമായി സര്‍വ്വകക്ഷി യോഗം വിളിക്കുന്നതിനും തുടര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനും മന്ത്രി നിര്‍ദേശം നല്കി. സുല്‍ത്താന്‍ബത്തേരിയിലെ നെന്മേനി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഐടിഐ നിലവില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കടമുറികളിലാണ് അധ്യയനം നടത്തുന്നത്. നിലവില്‍ കണ്ടെത്തിയിട്ടുള്ള സ്ഥലം നിര്‍മാണത്തിന് പ്രാപ്തമല്ല. സര്‍ക്കാരില്‍ നിന്നും അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ഐടിഐയ്ക്കായി സ്ഥലം വാങ്ങി നല്‍കാമെന്ന് പഞ്ചായത്ത് അധികൃതരും സ്ഥലം എംഎല്‍എ ഐ.സി.ബാലകൃഷ്ണനും യോഗത്തില്‍ ഉറപ്പു നല്കി. മലപ്പുറം താഴേക്കോട് ഗ്രാമ പഞ്ചായത്തിലെ ഐടിഐ വികസനത്തിന് പഞ്ചായത്തില്‍ നിന്നും സ്ഥലം ലഭിക്കുവാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ ഇത് ഒഴിവാക്കുന്നതിനായി മഞ്ഞളാംകുഴി അലി എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥലമെടുപ്പു സംബന്ധിച്ചുള്ള നടപടികള്‍ തീര്‍പ്പാക്കണമെന്ന് മന്ത്രി ഐടിഐ അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
കാസറഗോഡ് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ വനിതാ ഐടിഐ നിലവില്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിനായി കെട്ടിയ സ്ഥലത്താണ് പഠന സൗകര്യമൊരുക്കിയിരിക്കുന്നത്. ഇവിടെ സ്ഥലം കണ്ടെത്തുന്നതിനുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഇതിനാവശ്യമായ കത്ത് സര്‍ക്കാരിലേയ്ക്ക് നല്‍കുന്നതിനും എം.രാജഗോപാല്‍ എംഎല്‍എ നടപടി സ്വീകരിക്കും. യോഗത്തില്‍ എംഎല്‍എമാരായ വീണാ ജോര്‍ജ്ജ്, ഐ.സി.ബാലകൃഷ്ണന്, മഞ്ഞളാംകുഴി അലി, എം.രാജഗോപാല്‍ എന്നിവരും തൊഴിലും നൈപുണ്യവും വകുപ്പു അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, ഐടിഐ ജോയിന്റ് ഡയറക്ടര്‍ മാധവന് ഉള്‍പ്പെടെയുള്ളവരും സംബന്ധിച്ചു.