തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പിന് ഇത്തവണ വന്‍ സുരക്ഷാ സന്നാഹം. തീവ്രപ്രശ്നബാധിത ബൂത്തുകളിലും തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലകളിലും കൂടുതല്‍ അര്‍ധസൈനികരെയും പൊലീസിനെയും നിയോഗിക്കും.
മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും പൊലീസ് മേധാവി ലോക്നാഥ് ബഹ്റയും തമ്മിലുള്ള ചര്‍ച്ചയിലാണ് സുരക്ഷാ പദ്ധതി തയ്യാറാക്കിയത്. സംസ്ഥാന പൊലിസിന് പുറമെ സംസ്ഥാന വ്യാപകമായി 57 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ 2000 പൊലീസുകാരെ അധികമായി എത്തിക്കും.
മുന്‍കാല അനുഭവം കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയിലെ ബൂത്തുകള്‍ പ്രത്യേകമായി ശ്രദ്ധിക്കും. ജില്ലയിലെ 1857 ബൂത്തുകളില്‍ 250 എണ്ണം തീവ്രപ്രശ്നബാധിത ബൂത്തുകളാണ്. 611 എണ്ണം പ്രശ്നബാധിത ബൂത്തുകളും. 39 ബൂത്തുകള്‍ തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുളള മേഖലയിലാണ്. ഇവിടങ്ങളില്‍ ശക്തമായ സുരക്ഷയ്ക്ക് നടപടികളെടുത്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാം ഒരുക്കും.
സംസ്ഥാനത്ത് 3607 ബൂത്തുകളിലെ നടപടികള്‍ വെബ്കാസ്റ്റ് ചെയ്യും. പൊതുനിരീക്ഷകന്‍, പൊലീസ് നിരീക്ഷകന്, ചെലവ് നിരീക്ഷകന് എന്നിവരുടെ നിരീക്ഷണം ഇവിടങ്ങളിലുണ്ടാകും. സംസ്ഥാനത്താകെ 4482 പ്രശ്നസാധ്യതാ ബൂത്തുകളാണുള്ളത്. ഇവയില്‍ 425 എണ്ണം ഗുരുതര ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ള തീവ്രപ്രശ്നബാധിത കേന്ദ്രങ്ങളാണ്.