ഏറ്റുമാനൂരിൽ അമ്മയും 2 പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. നോബിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നിലവിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് നോബിയെ മാത്രമാണ് പൊലീസ് പ്രതി ചേർത്തിരിക്കുന്നത്.
മരിക്കുന്നതിനു മുൻപ് നോബി ഷൈനിയെ വിളിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഷൈനിയുടെ മാതാപിതാക്കളും ഇത് തന്നെയാണ് ആവർത്തിക്കുന്നത്. ഷൈനിയുടെ മൊബൈൽ ഫോൺ കഴിഞ്ഞദിവസം വീട്ടിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
ഭർത്താവിൽ നിന്നും ക്രൂരപീഡനം നേരിട്ടിരുന്നുവെന്ന് ഷൈനി സുഹൃത്തുകൾക്കയച്ച ഓഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ഷൈനി വായ്പ എടുത്തത് നോബിയുടെ പിതാവിൻറെ ചികിത്സക്കാണെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങൾ വെളിപ്പെടുത്തുന്നു. തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ചികിത്സയ്ക്കായി മൂന്ന് ലക്ഷത്തിലധികം രൂപയാണ് ഷൈനി പുലരി കുടുംബശ്രീ യൂണിറ്റിൽ നിന്ന് വായ്പഎടുത്തത്. 9 മാസം മുമ്പ് ഭർതൃ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയതോടെ തിരിച്ചടവ് മുടങ്ങി. കുടുംബശ്രീ അംഗങ്ങൾ പണം ആവശ്യപ്പെട്ടതോടെ ഭർത്താവ് നോബിയിൽ നിന്ന് വാങ്ങാൻ ഷൈനി ആവശ്യപ്പെട്ടെന്നും അംഗങ്ങൾ പറയുന്നു.