ഇടുക്കി: ഹൈറേഞ്ച് മേഖലയിലെ വിവിധ കുരിശുപള്ളികള്ക്കുനേരേ സമൂഹിക വിരുദ്ധരുടെ ആക്രമണം. അഞ്ച് കുരിശു പള്ളികളുടെ രൂപക്കൂടുകളുടെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു.
പുളിയന്മല സെന്റ് ആന്റണീസ് പള്ളിയുടെ അമല മനോഹരി കപ്പേള, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കുരിശുപള്ളി, കമ്ബംമെട്ട് മൂങ്കിപ്പള്ളം, ഇരുപതേക്കര്‍, കൊച്ചറ ഓര്‍ത്തഡോക്സ് കുരിശുപള്ളികള്‍ എന്നിവയാണ് അക്രമികള്‍ എറിഞ്ഞു തകര്‍ത്തത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്നു പുലര്‍ച്ചെ പള്ളികളില്‍ പ്രാര്‍ഥനയ്ക്കെത്തിയവരാണ് സംഭവം ആദ്യം അറിഞ്ഞത്. പുളിയന്മല കമ്ബനിപ്പടിയില്‍ പുലര്‍ച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ചില്ല് എറിഞ്ഞു തകര്‍ത്തതിന്റെ സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. നാലടി വീതിയും ആറടി ഉയരവുമുള്ള വാതിലിന്റെ ഗ്ലാസാണ് തകര്‍ന്നത്. പുളിയന്മല പള്ളിക്ക് സമീപമുള്ള ഗ്രോട്ടോയുടെ തൂണിനും കേടുപാടുണ്ടായി.