പത്തനംതിട്ട: കേരളത്തിൽ കൊവിഡ് രോഗബാധ സംശയിക്കുന്നവര്‍ നിരീക്ഷണത്തിലാണ്. അതിനിടയിലാണ് കേരള നിയമസഭയില്‍ ആരോഗ്യമന്ത്രി ഡോ.ശംഭുവിന്റെ പേര് പരാമര്‍ശിച്ചത്. മഹാവിപത്തിനെ പ്രതിരോധിക്കാനുള്ള കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം കുറിച്ചത് ഡോ.ശംഭുവാണെന്ന് ആരോഗ്യമന്ത്രി ചൂണ്ടികാട്ടി. കൊവിഡ് 19 എന്ന മഹാമാരിയെ ആദ്യഘട്ടത്തില്‍ കേരളം അനായാസം അതിജയിച്ചതാണ്. വീണ്ടുമൊരു ഭീതിയുടെ സാഹചര്യമില്ലെന്ന് നിനച്ചിരിക്കവെയാണ് ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളടക്കമുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെയാണ് ഡോ.ശംഭുവെന്ന റാന്നി താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിന് കേരളം നന്ദിപറയുന്നത്.
റാന്നി സ്വദേശികള്‍ക്കും അവരോട് ഇടപെട്ടവര്‍ക്കും കൊവിഡ് ബാധയാകാമെന്ന സംശയം ആദ്യം മുന്നോട്ടുവച്ചത് ഡോ.ശംഭുവായിരുന്നു. പനി മാറാനായി റാന്നി താലൂക്ക് ആശുപത്രിയിലെത്തിയ രോഗിയോട് ഇടപെടുന്നതിനിടയിലാണ് കൊവിഡ് എന്ന സംശയം ശംഭുവിന് തോന്നിയത്. രോഗിയോട് വിദേശത്തെങ്ങാനും പോയിരുന്നോ എന്നതായിരുന്നു ഡോക്ടറും ആദ്യ ചോദ്യം. ഇല്ല എന്ന ഉത്തരത്തില്‍ സാധാരണഗതിയില്‍ ചോദ്യം അവസാനിക്കേണ്ടതായിരുന്നു. അങ്ങനെ അവസാനിച്ചിരുന്നെങ്കില്‍ കേരളം മറ്റൊരു ഇറ്റലിയോ ചൈനയോ പോലെ കൊവിഡ് ബാധയുടെ പിടിയിലമരുമായിരുന്നു.
എന്നാല്‍ ഡോക്ടറുടെ രണ്ടാമത്തെ ചോദ്യം ഉടനെത്തി. സുഹൃത്തുക്കളോ അയല്‍ക്കാരോ ബന്ധുക്കളോ അടുത്തറിയുന്ന ആരെങ്കിലുമോ വിദേശത്തുനിന്നും വന്നിട്ടുണ്ടോയെന്ന ചോദ്യത്തിന്റെ ഉത്തരം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ മഹാവിപത്തില്‍ നിന്നാണ് രക്ഷിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം അയല്‍വക്കത്തുണ്ടെന്നും അവര്‍ വീട്ടില്‍ വന്ന് സൗഹൃദം പങ്കിട്ടിരുന്നെന്നുമായിരുന്നു രോഗിയുടെ മറുപടി. ഒരു നിമിഷം വൈകിയില്ല, ഡോ.ശംഭു ഉണര്‍ന്നുപ്രവര്‍ത്തിച്ചു. രോഗിയെ തത്ക്ഷണം ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇറ്റലിയില്‍ നിന്നെത്തിയവരെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനവും ഡോക്ടര്‍ തന്നെ മുന്‍കൈയെടുത്ത് തയ്യാറാക്കി. ഈ പരിശോധനയും ഡോക്ടറുടെ ഇടപെടലുമാണ് സത്യത്തില്‍ കേരളത്തിന്റെ രണ്ടാം ഘട്ട കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഡോ.ശംഭുവിന്റെ ചോദ്യങ്ങളില്ലായിരുന്നെങ്കില്‍ കേരളം എത്രമാത്രം കൊവിഡ് ബാധയില്‍ അകപ്പെടുമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ആരോഗ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം.