കൊല്ലം: ആയൂര്‍- കൊട്ടാരക്കര റൂട്ടിലുണ്ടായ വാഹനാപകടത്തില്‍ ഒരു കാറിലുണ്ടായിരുന്ന ആറ് പേരില്‍ 5 പേരും മരിച്ചു . കെഎസ്ആര്‍ടിസി ബസും ആള്‍ട്ടോ – 800 കാറുമാണ് അപകടത്തില്‍ പെട്ടത്. അകമണ്‍, പനച്ചിമൂട്ടില്‍ ഹോണ്ട ഷോറൂമിന് സമീപമാണ് അപകടം . മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ല സ്വദേശികള്‍ ആണ് മരിച്ചത്. വേഗതയില്‍ വന്ന കാര്‍ റോഡിന് എതിര് വശത്തുകൂടി വരികയായിരുന്ന ബസില്‍ ഇടിയ്ക്കുകയായിരുന്നു. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഡ്രൈവറുമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ 5 പേര് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറ് അപ്പാടെ തകര്‍ന്നു.
ഫയര്‍ഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വണ്ണപ്പുറം- തൊടുപുഴ- കോട്ടയം – തിരുവനന്തപുരം ഫാസ്റ്റ് പാസ്സഞ്ചറിലാണ് കാര്‍ ഇടിച്ചത്.