മുന്‍ ഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്കി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. വിചാരണക്കോടതിയിലാണ് അതിജീവിത ഹര്‍ജി നല്‍കിയത്. ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കിയെന്ന ആരോപണത്തിലാണ് നടി ഹര്‍ജി സമര്‍പ്പിച്ചത്.
ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുണ്ടാക്കിയെന്ന ആരോപണം ശ്രീലേഖ ഉന്നയിച്ചത്. ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ഇതേ കേസില്‍ ദിലീപിന് അനുകൂലമായ തരത്തില്‍ ശ്രീലേഖ പറഞ്ഞ പ്രസ്താവനകള്‍ വിവാദമായി കാലങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ശ്രീലേഖ മറ്റൊരു അഭിമുഖത്തില്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്. ദിലീപ് ഈ കേസില്‍ ശിക്ഷിക്കപ്പെടില്ലെന്ന് ശ്രീലേഖ ഐപിഎസ് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേസിന്റെ വിചാരണ അന്തിമഘട്ടത്തില്‍ എത്തിനില്ക്കുമ്പോള് ശ്രീലേഖ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് കോടതി നടപടികളോടുള്ള അനാദരവാണെന്നാണ് അതിജീവിത ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടിയത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക. നടന് ദിലീപ് ഉള്‍പ്പെടെ 9 പേരാണ് കേസില്‍ പ്രതികള്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.