സുല്‍ത്താന്‍ ബത്തേരി : സുല്‍ത്താന്‍ ബത്തേരിയില്‍ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി വനംവകുപ്പ്. ക്യാമറ ട്രാപ്പുകള്‍ അടക്കം വെച്ചാണ് തിരച്ചില്‍. കടുവയെ തിരിച്ചറിയാനും ഏത് സ്ഥലത്താണ് കടുവയുടെ സാന്നിധ്യമുള്ളതെന്നും കണ്ടെത്താനാണ് നീക്കം. 11 ക്യാമറകളാണ് പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ഇതിലെ ദൃശ്യങ്ങളും കാല്‍പ്പാടുകളും അടിസ്ഥാനമാക്കി തിരച്ചില്‍ നടത്താനാണ് ശ്രമം. ഇന്നലെ കടുവയെ പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനാണ് നിര്‍ദ്ദേശം. അതേസമയം ഇത് വിജയിച്ചില്ലെങ്കില്‍ കടുവയെ വെടിവച്ചു കൊല്ലാമെന്നും ഉത്തരവിലുണ്ട്. പ്രദേശത്ത് വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയൊരുക്കാന്‍ പൊലീസും സ്ഥലത്തുണ്ട്.
മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനം വകുപ്പ് തെരച്ചിൽ നടത്തുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. വെറ്ററിനറി സംഘവും കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള സംഘവും പ്രദേശത്ത് സജ്ജമാണ്.
കടുവയുടെ ആക്രമണത്തിൽ വാകേരി കൂടല്ലൂർ സ്വദേശി പ്രജീഷാണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് പാടത്ത് പുല്ലരിയാൻ പ്രജീഷ് പോയത്. എന്നാൽ വൈകിയിട്ടും പ്രജീഷ് തിരിച്ച് വരാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രജീഷ് കൊല്ലപ്പെട്ടതിൻറെ ഞെട്ടലിലാണ് പ്രദേശവാസികൾ. കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.