പത്തനംതിട്ട : ഇലന്തൂര്‍ നരബലി കേസ് പ്രതികളിലേക്ക് മറ്റൊരു കൊലപാതകത്തിന്റെ അന്വേഷണം കൂടി. 2014 ല്‍ പത്തനംതിട്ട മല്ലപ്പുഴശ്ശേരി സ്വദേശി സരോജിനി കൊല്ലപ്പെട്ടതിന്റെ അന്വേഷണമാണ് മുഹമ്മദ് ഷാഫി, ഭഗവത് സിംഗ്, ലൈല എന്നിവരിലേക്ക് എത്തുന്നത്. കേസില്‍ മൂന്നു പേരെയും ക്രൈംബ്രാഞ്ച് ജയിലിലെത്തി ചോദ്യം ചെയ്തു. പ്രതികളെ ചോദ്യം ചെയ്യാന്‍ പത്തനംതിട്ട ക്രൈംബ്രാഞ്ച് നല്കിയ അപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ അംഗീകരിച്ചിരുന്നു. അപേക്ഷയില്‍ നരബലി കേസിലെ കൊലപാതങ്ങള്‍ക്ക് സമാനമാണ് സരോജിനിയുടേതും എന്നതിന് വ്യക്തമായ കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
2014 സെപ്തംബര്‍ 15നാണ് പത്തനംതിട്ട കുളനട – ആറന്മുള റോഡരികില്‍ നിന്ന് 59 വയസുകാരി സരോജനിയുടെ മൃതദേഹം ലഭിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ ശരീരത്തില്‍ 46 മുറിവുകള്‍ കണ്ടെത്തി. മുറിവുകളില്‍ നിന്നും രക്തം വാര്‍ന്നായിരുന്നു മരണം സംഭവിച്ചതെന്ന് തെളിഞ്ഞിരുന്നു. കേസ് ആദ്യം ലോക്കല്‍ പൊലീസും, 2018 മുതല്‍ ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും കൊലപാതകി ആരെന്ന് കണ്ടെത്താനായില്ല.
ഇതിനിടയിലാണ് കഴിഞ്ഞവര്‍ഷം ഇതേ ദിവസം നരബലിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നതും, പ്രതികള്‍ക്കെതിരെ 2 കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതും. ഈ കൊലപാതകങ്ങള്‍ക്ക് സമാനമാണ് സരോജിനിയുടേതുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സരോജിനിയെ കാണാതായ സമയത്ത് നരബലി കേസ് പ്രതി ഭഗവത് സിങിന്റെ സാന്നിദ്ധ്യം പ്രദേശത്തുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. അന്ന് വൈകിട്ട് ആറുമണിക്കും രാത്രി 11 നും ഇടയില്‍ ഇയാള്‍ സംശയകരമായ കോളുകള്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. നരബലി കേസിലെ ഇരകളായ രണ്ട് സ്ത്രീകളുടെ സമാനമായ പ്രായവും, ജീവിത സാഹചര്യവുമായിരുന്നു സരോജിനിയുടേതും. അതുകൊണ്ടുതന്നെ സമാനമായ ലക്ഷ്യത്തിനു വേണ്ടിയുള്ള കൊലപാതകം ആയിരുന്നോ സരോജിനിയുടേതുമെന്ന് കണ്ടെത്തണമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. നരബലിയില്‍ കൂടുതല്‍ ഇരകള്‍ ഉണ്ടായിരിക്കാമെന്ന സംശയം കൂടുതല്‍ ശക്തമാക്കുകയാണ് പൊലീസിന്റെ നിലവിലെ നീക്കം.