തിരുവനന്തപുരം; കെ.എസ്.ആര്.ടി.സിയിലെ ജീവനക്കാരുടെ ആരോഗ്യത്തിന് മുഖ്യപരിഗണന നല്കി കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. ഇതിനായി തിരുവനന്തപുരം ജില്ലയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കും മറ്റുള്ള ജില്ലകളില്‍ സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് മെഡിക്കല്‍ ചെക്ക്അപ്പ് നടത്തുന്നതിന് വേണ്ടി 29 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി അറിയിച്ചു.
കെ.എസ്.ആര്.ടി.സിയില്‍ കഴിഞ്ഞ മൂന്നരമാസത്തിനിടയില്‍ വിവിധ ആരോഗ്യ കാരണങ്ങളാല്‍ 14 പേരാണ് മരണമടഞ്ഞത്. കഴിഞ്ഞ അഞ്ച് വര്ഷത്തിനിയല് 388 ജീവനക്കാര്‍ വിവിധ രോ?ഗങ്ങളാല്‍ മരണപ്പെടുകയും ചെയ്തിരുന്നു. 174 പേരാണ് ആശ്രിത നിയമനത്തിനായി അപേക്ഷ നല്കി കാത്തിരിക്കുന്നത്. ഒരാഴ്ചയില്‍ ശരാശരി ഒരു ജീവനക്കാരന് എന്ന നിലയില്‍ മരണം സംഭവിക്കുകയും ചെയ്യുന്നു. ആരോഗ്യപരിപാലനം സംബന്ധിച്ച് ജീവനക്കാര്‍ക്കിടയില്‍ വേണ്ടത്ര അറിവില്ലാത്തതാണ് ഇത്തരത്തിലുള്ള മരണങ്ങള് വര്‍ദ്ധിക്കാനുള്ള കാരണം. ഇത് മാറ്റുന്നതിന് വേണ്ടി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ബോധവത്ക്കരണം നടത്താനും അവരുടെ ശാരീരികക്ഷമതയെക്കുറിച്ച് മൂന്ന് മാസത്തിലൊരിക്കല്‍ ചെക്കപ്പുകള്‍ നടത്താനുമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
ഡ്രൈവര്‍മാര്‍ക്ക് ഹീറ്റ് സ്ട്രെസ്റ്റ് വളരെ കൂടുതല്‍ ആണ്. ബസുകളില്‍ എയര്‍ സര്‍ക്കുലേഷന്‍ കുറവായതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങള്‍ മാറ്റാനായി എല്ലാ ബസുകളിലും എയര്‍ സര്‍ക്കുലേഷന്‍ കൂടാന്‍ വശങ്ങളില് കിളിവാതിലുകള്‍ നിര്‍മ്മിച്ച് വരുകയും വെള്ളം കുടിക്കാനായി ഡ്രൈവര്‍ സീറ്റിന് സമീപം ഒരു കുപ്പി വെള്ളം സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള സൗകര്യവും ഒരുക്കിയതായി മന്ത്രി അറിയിച്ചു.
മെഡിക്കല്‍ ചെക്കപ്പിന് വേണ്ടി മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്ക്:
കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് കെ.എസ്.ആര്.ടി.സിക്ക് ഏറ്റവും കൂടുതല്‍ ഡിപ്പോയും ജീവനക്കാരും ഉള്ളത്. 24 ഡിപ്പോകളും, പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പും കൂട്ടി 25 യൂണിറ്റ് ഉള്ള ഇവിടെ 7000 രത്തോളം ജീവനക്കാരുണ്ട്. ഇവരുടെ മെഡിക്കല്‍ ചെക്കപ്പിന് വേണ്ടി മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കും. ഇതിനായി ഒരു ബസിനെ രൂപമാറ്റം വരുത്തി ഡോക്ടര്‍, നേഴ്സ്, ലാബ് ടെക്നീഷ്യന് എന്നിവരോടൊപ്പം ഒരു പരിശോധന ലാബ് കൂടെ സജ്ജീകരിച്ച് ഓരോ ഡിപ്പോകളിലും എത്തി ജീവനക്കാരെ പരിശോധിക്കും.
എന്നാല്‍ ഡിപ്പോകളുടെ എണ്ണം കുറഞ്ഞ ബാക്കി ജില്ലകളില്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലോ, സര്ക്കാര്ആശുപത്രി ഇല്ലാത്ത സ്ഥലങ്ങളില്‍ സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് പരിശോധന നടത്താനുള്ള സജ്ജീകരണം ഒരുക്കാന്‍ ഓരോ ഡിപ്പോ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്കി.