തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും. ലോകായുക്തയുടെ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് ചട്ടവിരുദ്ധമായി നല്‍കിയെന്നാണ് ഹര്‍ജിക്കാരനായ ആര്‍എസ് ശശികുമാറിന്റെ ആരോപണം.
ശശികുമാറിന്റെ ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍പെടുന്നതാണോയെന്ന് പരിശോധിക്കണമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ മൂന്നംഗ ബഞ്ച് വിലയിരുത്തിയിരുന്നു. ഇത് നേരത്തെ ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്ത മൂന്നംഗ ബഞ്ച് പരിശോധിച്ച് തീര്‍പ്പാക്കിയതാണെന്നും അത് കൊണ്ട് ഇനി പരിശോധന വേണ്ടെന്നുമുള്ള ഇടക്കാല ഹര്‍ജി വ്യാഴാഴ്ച ശശികുമാര്‍ നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് ഇന്ന് വാദം കേള്‍ക്കുക.