മലപ്പുറം: ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച മലപ്പുറത്തെ കവളപ്പാറയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഒമ്പത് പേരുടെ മൃതദേഹമാണ് പ്രദേശത്തുനിന്ന് ഇതുവരെ കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിന് ശേഷം 63 പേരെയാണ് പ്രദേശത്ത് കാണാതായത്. ഇനി 42 കുടുംബങ്ങളിലായി 54 പേരെ ഇവിടെ നിന്ന് കണ്ടെത്താനുണ്ട്.
ശക്തമായ മഴയും മണ്ണിടിച്ചിലും ഇന്നലെ രാവിലെ കവളപ്പാറയിൽ നടത്തേണ്ടിരുന്ന രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിച്ചിരുന്നു. തുടർന്ന് മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചാണ് ഇവിടെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. അതിനിടയിൽ മഴ ശക്തമായതിനെ തുടർന്ന് പ്രദേശത്ത് വീണ്ടും ചെറിയ ഉരുൾപൊട്ടലുകൾ ഉണ്ടായി. ഇതിനെത്തുടർന്ന് വൈകിട്ടോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചു. എന്നാൽ, ഇന്ന് മലപ്പുറം, നിലമ്പൂർ ഭാഗത്ത് രാവിലെ മഴ പെയ്യുന്നത് കുറവായതിനാൽ രക്ഷാപ്രവർത്തനം വളരെ കാര്യക്ഷമമായി നടക്കുമെന്നാണ് കരുതുന്നത്.
ഫയർഫോഴ്സ്, ദുരന്ത നിവാരണ സേന, നാട്ടുകാർ എന്നിവർ ചേർന്നാണ് ഇന്നും പ്രദേശത്ത് തെരച്ചിൽ നടത്തുക. അതേസമയം, വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് മലപ്പുറം, വയനാട് ജില്ലകൾ സന്ദർശിക്കും. നാല് മണിയോടുകൂടി പോത്തുക്കൽ, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും മരിച്ചവരുടെ വീടും അദ്ദേഹം സന്ദർശിക്കും. മലപ്പുറത്ത് വച്ച് നടക്കുന്ന അവലോക യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. നാളെയാണ് വയനാട് സന്ദർശിക്കുക.