തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യമദര്‍ഷിപ്പ് രാവിലെ ഒന്‍പത് മണിക്ക് തീരമടുക്കും. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്. ചൈനയില്‍ നിന്നുള്ള ചരക്കുകപ്പല്‍ സാന്‍ഫെര്‍ണാണ്ടോ പുറംകടലിലെത്തി. വിഴിഞ്ഞത്ത് നിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍. ചൈനയില്‍ നിന്നുള്ള സാന്‍ ഫെര്‍ണാന്‍ഡോ കപ്പല്‍ പുറംകടലില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഏഴരയോടെ തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലെത്തും. രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമാണ് വിഴിഞ്ഞത്തേത്. 7700 കോടി രൂപയുടെ പദ്ധതിയാണ് വിഴിഞ്ഞ് ഒരുങ്ങുന്നത്.
ചൈനയിലെ സിയമിന്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട സാന്‍ ഫെര്‍ണാന്‍ഡോ കപ്പല്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് പുറം കടലിലെത്തിയത്. ഇന്ന് രാവിലെ 7.30 ന് ടഗ്ഗുകള്‍ ഉപയോഗിച്ച് കപ്പല്‍ ബെര്‍ത്തിലേക്ക് കൊണ്ടുവരും. കാലാവസ്ഥ അനുകൂലമെങ്കില്‍ 8.30നും 9 മണിക്കും ഇടയില്‍ കപ്പല്‍ ബര്‍ത്തില്‍ അടുപ്പിക്കും. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങെങ്കിലും ഇന്ന് തന്നെ കണ്ടെയ്നറുകള്‍ ഇറക്കിത്തുടങ്ങും. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായാണ് മെസ്ക് ലൈന്‍ കപ്പല്‍ കമ്പനിയുടെ സാന്‍ ഫെര്‍ണാന്‍ഡോ തുറമുഖത്ത് എത്തുന്നത്. ഇതില്‍ 1960 എണ്ണം വിഴിഞ്ഞത്ത് ഇറക്കും. ബാക്കിയുള്ള കണ്ടെയ്നറുകളുമായി നാളെ വൈകിട്ട് കപ്പല്‍ യൂറോപ്പിലേക്ക് തിരിക്കും.
മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് നാളെയാണ് കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുക. ചടങ്ങില്‍ അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനിയും പങ്കെടുക്കും. മൂന്നുമാസക്കാലം ഈ വിധം ട്രയല്‍റണ്‍ തുടരും. ജൂലൈയില്‍ തന്നെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ കപ്പലും വിഴിഞ്ഞെത്തുമെന്ന് അദാനി പോര്‍ട്സ് അറിയിച്ചു.