കൊച്ചി: ലിവിങ് ടുഗതര്‍ പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. എറണാകുളം സ്വദേശിയായ യുവാവാവിന്റെ ഹര്‍ജിയിലാണ് നടപടി. ഇത്തരം ബന്ധങ്ങളില്‍ പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നാല്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി.
എറണാകുളം സ്വദേശിയായ പരാതിക്കാരനും ഒരു യുവതിയുമായി ലിവിങ് ടുഗതര്‍ ബന്ധത്തിലായിരുന്നു. ഒരു വര്‍ഷത്തോളം ഒരുമിച്ച് ജീവിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് ഇരുവരും പിരിഞ്ഞ സാഹചര്യത്തില്‍ ഗാര്‍ഹിക പീഡനം ആരോപിച്ച് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണം.
നിയമപരമായി വിവാഹം ചെയ്താല്‍ മാത്രമേ ഭര്‍ത്താവ് എന്ന് പറയാനാകൂ. ലിവിങ് ടുഗതര്‍ ബന്ധങ്ങളില്‍ പങ്കാളി മാത്രമാണ്. ആയതിനാല്‍, ഇത്തരം ബന്ധങ്ങളിലുണ്ടാകുന്ന പീഡനങ്ങള്‍ ഐ.പി.സി. 498 എ വകുപ്പിന് കീഴില്‍ വരില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.