തിരുവനന്തപുരം: ഇടത് എംഎല്‍എ പി.വി. അന്‍വറിനെ ഗുണ്ടയെന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരന്. നിരന്തരം കൊലവിളി നടത്തുന്ന പി.വി. അന്‍വറിനെ ക്രിമിനലായി പ്രഖ്യാപിക്കണമെന്നും കുപ്രസിദ്ധനായ അന്‍വറിനെ അകത്താക്കാന്‍ സര്‍ക്കാരിന് മുന്നില്‍ എന്താണ് തടസമെന്നും സി. ദിവാകരന് ചോദിച്ചു. കേരളത്തിലെ പോലീസിനെ കുറിച്ച് താന്‍ തല്ക്കാലം ഒന്നും പറയുന്നില്ലെന്നും ദിവാകരന് പറഞ്ഞു. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ പരിപാടിയിലായിരുന്നു ദിവാകരന്റെ പരാമര്‍ശം.
പത്രപ്രവര്‍ത്തകര്‍ക്കെതിരായ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം ശരിയല്ലെന്നും സി.ദിവാകരന് പറഞ്ഞു. പല പത്രപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സത്യം വിളിച്ചുപറയുന്നവനെ കൊല്ലുക എന്നത് ഫാസിസ്റ്റ് സമീപനമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കാന്‍ അവകാശമുള്ളവരാണ് മാദ്ധ്യമ പ്രവര്‍ത്തകര്‍. ഇവിടെ പല അവകാശപോരാട്ടങ്ങളും നടത്തുന്നവര്‍ അവസാനം തിരഞ്ഞെടുക്കുന്ന മേഖലയാണ് മാദ്ധ്യമ പ്രവര്‍ത്തനം. അല്ലാതെ മാദ്ധ്യമ പ്രവര്‍ത്തകര്‍ എവിടെ നിന്നെങ്കിലും പൊട്ടി വീണവരല്ലെന്നും ദിവാകരന് പറഞ്ഞു. ഇപ്പോള്‍ ഉയരുന്ന ഭീഷണി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇവിടുത്തെ പത്രപ്രവര്‍ത്തകര്‍ക്ക് അറിയാമെന്നും ദിവാകരന് പറഞ്ഞു.