തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വിവാദം. മദ്യപിച്ചെന്ന് കണ്ടെത്തിയ പാലോട് ഡിപ്പോയിലെ കണ്ടക്ടർ ജയപ്രകാശ് താൻ ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്ന് പറയുന്നു. തകരാറുള്ള മെഷീൻ വെച്ചാണ് പരിശോധിച്ചതെന്ന് ജയപ്രകാശ് ആരോപിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിക്കുന്നു എന്ന് ജയപ്രകാശ് പറഞ്ഞു. ഡിപ്പോക്ക് മുന്നിൽ നിരാഹാര സമരം തുടങ്ങുമെന്ന് ജയപ്രകാശും കുടുംബവും അറിയിച്ചു.
ഇന്ന് രാവിലെയാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയാൻ നടത്തിയ പരിശോധനയിൽ ബ്രെത്ത് അനലൈസറിൽ സിഗ്നൽ 16 എന്ന് കാണിച്ചിരുന്നു. മദ്യപിച്ചിട്ടുണ്ട് എന്നാണ് ഈ സിഗ്നൽ. എന്നാൽ ജീവിതത്തിലിന്നുവരെ മദ്യപിച്ചിട്ടില്ലെന്നാണ് ജയപ്രകാശ് പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി തകരാറിലുള്ള മെഷിനാണിത് എന്നും ജയപ്രകാശ് പറയുന്നു. അതുകൊണ്ടാണ് തെറ്റായ സിഗ്നൽ വന്നിരിക്കുന്നത്. തകരാറുള്ള മെഷീൻ മാറ്റിവെക്കണമെന്ന് പറഞ്ഞിട്ട് ചെയ്തില്ല. ഒരിക്കൽകൂടി പരിശോധന നടത്തണമെന്ന് പറഞ്ഞിട്ട് അതിനും തയ്യാറായില്ലെന്ന് ജയപ്രകാശ് വ്യക്തമാക്കി. ഇതെല്ലാം ചൂണ്ടിക്കാട്ടി ജയപ്രകാശ് പാലോട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.