കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പൊലീസിന്റെ വാദങ്ങളെ തള്ളി ഇ ഡി. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ കൈമാറിയില്ലെന്ന ആരോപണം തെറ്റ്. വിചാരണ കോടതി മുഖേന ക്രൈം ബ്രാഞ്ചിന് മുഴുവൻ രേഖകളും ഇ ഡി കൈമാറിയിരുന്നു. കോടതിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് രേഖകൾ കൈപ്പറ്റിയത്. മുഴുവൻ രേഖകളുടെയും ഒറിജിനൽ ആണ് കൈമാറിയതതെന്നും ഇ ഡി വ്യക്തമാക്കി.
കേസിലെ പ്രതി പട്ടിക പൊലീസിന് കൈമാറാനാണ് തീരുമാനം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പി എം എൽ എ പരിധിയിൽ വരാത്ത പ്രതികളുടെ പട്ടിക പൊലീസിന് കൈമാറുമെന്ന് ഇഡി കൂട്ടിച്ചേർത്തു. സാങ്കേതിക നടപടിക്രമം എന്ന നിലയിൽ കുറ്റപത്രം സമർപ്പിച്ച ശേഷം ആയിരിക്കും കൈമാറ്റം. കൈമാറിയ രേഖകൾ തിരികെ ആവശ്യപ്പെട്ട് ഇ ഡി കോടതിയിൽ സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് ലഭിച്ചു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ഹൈക്കോടതിയെ ചൊടിപ്പിച്ചിരുന്നു. നാലുവർഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും ആളുകളെ കൊള്ളയടിച്ച സംഭവമല്ലേയെന്നും കോടതി ഇന്നലെ നടന്ന വാദത്തിൽ ചോദിച്ചു.ഇ ഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ട്. ഇങ്ങനെ പോയാൽ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
ഇതിനിടെ മുൻമന്ത്രി എ സി മൊയ്തീൻ, സിപിഐഎം മുൻ തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവരടക്കം 20 പേരെ പ്രതിചേർക്കാൻ ഇഡിക്ക് അനുമതി ലഭിച്ചു. ക്രമക്കേടിലൂടെ ലോൺ തരപ്പെടുത്തിയവരടക്കം 80ലേറെ പേർ കേസിലെ പ്രതികളാകും.