കൊല്ലത്ത് പള്ളിവളപ്പിനുള്ളിൽ സ്യൂട് കേസിൽ അസ്ഥികൂടം. എസ് എൻ കോളേജിന് സമീപമുള്ള സിഎസ്ഐ പള്ളിയോട് ചേർന്നുള്ള സെമിത്തേരിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
പള്ളിയിലെ വാട്ടർ പൈപ്പ്ലൈൻ പരിശോധിക്കുന്നതിനിടെയാണ് സ്യൂട് കേസ് കണ്ടെത്തുന്നത്. പള്ളിയിലെ ജീവനക്കാരനാണ് ആദ്യം ബാഗ് കണ്ടത്. അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. അസ്ഥികൂടം മനുഷ്യന്റെ തന്നെയാണെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായിട്ടുണ്ട്. മനുഷ്യന്റെ തലയോട്ടിയും തുടയെല്ലുമാണ് കണ്ടെത്തിയിട്ടുള്ളത്. ബാഗിലുണ്ടായിരുന്ന മറ്റൊരു കവറിൽ അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്. എല്ലാ അസ്ഥികളും സ്യൂട് കേസിൽ അടുക്കിവെച്ചിരിക്കുന്ന രീതിയിലാണ് കണ്ടെത്താൻ കഴിഞ്ഞത്. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് വ്യക്തമാക്കി.
തൊട്ടപ്പുറത്ത് പൊതു റോഡാണ്. അവിടെ നിന്നും ആരെങ്കിലും പള്ളി വളപ്പിലേക്ക് ഇട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. മാത്രവുമല്ല അസ്ഥികൂടം സ്ത്രീയുടെയോ പുരുഷന്റെയോ ആണോയെന്ന് കണ്ടെത്തിയിരിക്കുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനകൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഫോറെൻസിക്കിന്റെ സംഘം സ്ഥലത്തെത്തി അസ്ഥികൾ കൊണ്ടുപോയതിന് ശേഷം വിശദമായി കാര്യങ്ങൾ പരിശോധിക്കും.
പള്ളിയിലെ കപ്യാർ താമസിക്കുന്ന സ്ഥലത്തു വെള്ളം എത്താത്തതിനെ തുടർന്ന് പൈപ്പ് ലൈനിൻ്റെ തകരാറ് പരിശോധിക്കുന്നതിനിടെയാണ് ചവറുകൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തായി സ്യൂട് കേസിൽ അസ്ഥികൂടം നിറച്ച നിലയിൽ കണ്ടെത്തുന്നത്.i