തിരുവനന്തപുരം: കൊറോണ ഭീതിയില്‍ പ്രവാസികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാത്ത നടപടി അപരിഷ്കൃതമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വിദേശത്ത് പ്രവാസികള്‍ കുടുങ്ങികിടക്കുന്ന അവസ്ഥയ്ക്ക് കാരണമായ സിവില്‍ ഏവിയേഷന്റെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മലയാളികള്‍ ഉള്‍പ്പെടെയുളളവരെ തിരിച്ചു കൊണ്ടുവരുന്നതിന് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടിനോട് പ്രതിപക്ഷവും യോജിച്ചു.
നാട്ടിലേക്ക് തിരിച്ചു പോവാന്‍ കഴിയാതെ ഇറ്റലിയില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുളള പ്രവാസികളുടെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തുടര്‍ന്ന് ഇവരെ നാട്ടിലെത്തിക്കാനായി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇതിന് പിന്നാലെയാണ് വിഷയം നിയമസഭയിലും ചര്‍ച്ചയായത്. വിദേശത്ത് നിന്ന് ഇന്ത്യന്‍ പൗരന്മാര്ക്ക് മടങ്ങാന്‍ കഴിയാത്തത് ഗൗരവപ്രശ്നമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതിനെതിരെയുളള സിവില്‍ ഏവിയേഷന്റെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. രോഗിയായത് കൊണ്ട് കയ്യൊഴിയാമോ എന്ന മുഖ്യമന്ത്രി സഭയില്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകളോട് യോജിക്കുന്ന നിലപാടാണ് പ്രതിപക്ഷവും സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഒപ്പം പ്രതിപക്ഷനേതാവും പ്രധാനമന്ത്രിക്ക് കത്തയച്ചു.
നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തടയരുത്. മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇറ്റലിയിലെ വിമാനത്താവളത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെയുളള പ്രവാസികളുടെ കാത്തിരിപ്പ് ഒരു ദിവസം പിന്നിട്ടിരിക്കുകയാണ്. ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങി വരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.