ഇടുക്കി : ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഭവന നിർമാണത്തിന് ധനസഹായം ചോദിച്ചതൊഴിച്ചാൽ,ഇരുചക്ര വാഹന തട്ടിപ്പ് കേസിലെ പ്രതിയുമായി യാതൊരു വിധത്തിലുമുള്ള സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി. താനോ സ്റ്റാഫ് അംഗങ്ങളോ, വ്യക്തിപരമായ ആവശ്യത്തിനു വേണ്ടി ,പ്രതിയായ അനന്തു കൃഷ്ണന്റെ കയ്യിൽ നിന്ന് സംഭാവന സ്വീകരിച്ചിട്ടില്ല.
ഇത്തരത്തിൽ ഒരു ആരോപണം ഉയർന്നപ്പോൾ തന്നെ ഈ കാര്യത്തിൽ വിശദമായ പരിശോധന നടത്തി. എംപി എന്ന നിലയിൽ തന്റെ മുന്നിൽ വന്ന നിർധനരായ ഒരു കുടുംബത്തിന് ഭവനം നിർമ്മിച്ചു നൽകണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനുള്ള തുകയായ 7 ലക്ഷം രൂപ മുഴുവൻ കൈമാറിയതും ആ പദ്ധതിയുമായി ബന്ധപ്പെട്ട ആളുകൾക്ക് ആണ്.
തന്റെ മുന്നിൽ സഹായത്തിനായി എത്തിയ ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് വിവാദ കേസിലെ പ്രതിയെ ബന്ധപ്പെട്ടത്. അന്ന് അദ്ദേഹം കേസിൽ പ്രതി ആവുകയോ ആരോപണം ഉയരുകയോ ചെയ്തിട്ടില്ല. ആ സാഹചര്യത്തിലാണ് അന്ന് ഭവന നിർമ്മാണത്തിന് വേണ്ടി ബന്ധപ്പെട്ടത്.
സാധാരണക്കാർക്ക് കൈത്താങ്ങാവുന്ന പദ്ധതി എന്ന നിലയിലാണ് എൻ.ജി.ഒ കോൺഫെഡറഷന്റെ പരിപാടിയിൽ പങ്കെടുത്തത്. മന്ത്രിമാർ ഉൾപ്പെടെയുള്ള ഇടതുപക്ഷ രാഷ്ട്രീയ പർട്ടികളുടെ നേതാക്കൾ ഈ സംഘടനയുടെ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
കോൺഗ്രസ് കമ്മിറ്റികളും പണം സ്വീകരിച്ചിട്ടില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.