കല്പറ്റ: എട്ട് വര്‍ഷത്തിനിടെ ഏഴ് പേരാണ് വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഇത് വരെ രണ്ട് പേരാണ് ഇവിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാകേരി സ്വദേശിയായ പ്രജീഷിന കഴിഞ്ഞ ദിവസം കടുവ കൊന്നതിന് പിന്നാലെയാണ് സമാനമായ മരണങ്ങളുടെ കണക്കുകളും പുറത്ത് വന്നത്. കടുവയുടെ ആക്രമണത്തെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങളുടെ കണക്ക് 2015 മുതലാണ് വനം വകുപ്പ് അധികൃതര്‍ സൂക്ഷിക്കാൻ തുടങ്ങിയത്.
ഇതിനു മുൻപും ഒട്ടേറെ പേര് ഇവിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്റെ കൃത്യമായ കണക്കുകള്‍ ശേഖരിക്കപ്പെട്ടിട്ടില്ല. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ മരിച്ചത്.
പാടത്തിനു സമീപം പാതി ഭക്ഷിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാലിന്റെ ഭാഗം പൂര്‍ണമായും ഭക്ഷിച്ച നിലയിലാണ്. രാവിലെ പാടത്ത് പുല്ല് വെട്ടാൻ പോയ പ്രജീഷിനെ വൈകുന്നേരമായിട്ടും കണ്ടില്ല. പിന്നാലെ സഹോദരന് അന്വേഷിച്ചിറങ്ങുകയായിരുന്നു.