സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തെ തമ്മിലടിയിലെ ചര്‍ച്ച തുടരുന്നതിനിടെ വിവാദത്തിലുള്‍പ്പെട്ട എന്‍ പ്രശാന്ത് ഐഎഎസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. 5000 കോടിയുടെ ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയെന്ന തരത്തില്‍ താന്‍ മന്ത്രിയായിരുന്ന സമയത്ത് വന്ന ആരോപണത്തിലെ വില്ലന്‍ പ്രശാന്താണെന്ന് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. ഈ ആരോപണം ഉന്നയിച്ച രമേശ് ചെന്നിത്തലയുടേയും പ്രശാന്തന്റേയും ഗൂഢാലോചനയായിരുന്നു ഇതിന് പിന്നില്‍. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് ഐഎഎസ് രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ‘ആഴക്കടല്‍’ വില്‍പ്പന എന്ന ‘തിരക്കഥ’. തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങള്‍ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുന്‍മന്ത്രിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ശ്രീ പ്രശാന്ത് ഐഎഎസ് എല്ലാ സര്‍വീസ് ചട്ടങ്ങളും സാമാന്യ മര്യാദകളും ലംഘിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ വാര്‍ത്തകള്‍ ആണല്ലോ ഇന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിലും പ്രശാന്ത് വില്ലന്റെ റോളില്‍ പ്രവര്‍ത്തിക്കുന്നതാണ് 2021 ഫെബ്രുവമാസം കണ്ടത്. 21 ഫെബ്രുവരി മാസം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചരണ ജാഥ കൊല്ലത്ത് എത്തിയപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഒരു വെടി പൊട്ടിക്കുന്നു. 5000 കോടിയുടെ ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയെന്ന്.
വാര്‍ത്ത വിവാദമായി. പത്രപ്രതിനിധികള്‍ എന്നോട് ഫിഷറീസ് മന്ത്രിയെന്ന നിലയില്‍ അഭിപ്രായം ആരാഞ്ഞു. ഇങ്ങനെ ഒരു സംഭവം ഇല്ലെന്നും തികച്ചും അടിസ്ഥാന രഹിതമാണ് എന്നും ഞാന്‍ മറുപടി നല്കി അടുത്ത ദിവസം രമേശ് ചെന്നിത്തല ഒരു അമേരിക്കന്‍ മലയാളിയുമായി 5000 കോടിയുടെ എം ഒ യു ഒപ്പുവെച്ചതിന്റെ രേഖ പുറത്തുവിടുന്നു. ഒരു കാര്യം ബോധപൂര്‍വ്വം മറച്ചുവെച്ചുകൊണ്ട്.
രമേശ് ചെന്നിത്തല ആരോപിച്ചത് ഫിഷറീസ് വകുപ്പ് എം ഒ യു വില്‍ ഒപ്പുവച്ചു എന്നാണ്. എന്നാല്‍ എം ഒ യു ഒപ്പു വച്ചിരിക്കുന്നത് Inland നാവിഗേഷന്റെ M.D യായ പ്രശാന്തുമായിട്ടാണ്, ഇപ്പോഴത്തെ വിവാദനായകന്‍.ഇവിടെയാണ് ഗൂഢാലോചനയുടെ ചുരുളഴിയുന്നത്, ശ്രീ രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ശ്രീ പ്രശാന്ത് ഐഎഎസ് രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ‘ആഴക്കടല്‍’ വില്‍പ്പന എന്ന ‘തിരക്കഥ’. തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങള്‍ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നു.