കാക്കനാട്: ജന്മാനാടിന് പ്രവാസി സംരംഭകന് എം എ യൂസഫലിയുടെ വീണ്ടും മഹത്തായ സംഭാവന. 20 നിലകളില്‍ 15 ലക്ഷം സ്ക്വയര്‍ഫീറ്റില്‍ ലോകോത്തര ഐ ടി മന്ദിരം കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.ഐടി മേഖലയില്‍ 11,000 പേര്‍ക്ക് തൊഴിലവസരം നല്കുന്ന ലുലു ഗ്രൂപ്പിന്റെ സൈബര്‍ ടവര്‍ 2 പദ്ധതിയുടെ ചെലവ് 400 കോടി രൂപയാണ്.
കാക്കനാട് ഇന്‍ഫോപാര്‍ക്കിന്റെ ഹൃദയഭാഗത്ത് സ്ഥലത്ത് ലുലു സൈബര്‍ ടവര്‍ 1 ന് സമീപത്തുതന്നെയാണ് രണ്ടാം ടവറും. 8 ഫ്ളോറുകള്‍ പൂര്‍ണമായും വാഹന പാര്‍ക്കിംഗിനായി മാറ്റിവെച്ചിരിക്കുന്നുവെന്നതാണ് ടവറിന്റെ സവിശേഷത. 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് അത്യാധുനിക രീതിയില്‍ കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്. ഒരു ഫ്ളോറില്‍ തന്നെ ഇത്ര വിശാലമായ വര്ക്സ്പേസുള്ള ദക്ഷിണേന്ത്യയിലെ അത്യപൂര്‍വം സൈബര്‍ ടവറുകളിലൊന്നാണിതെന്ന് ലുലു അറിയിച്ചു.
16 ഹൈസ്പീഡ് പാസഞ്ചര്‍ എലവേറ്ററുകളും രണ്ട് സര്‍വീസ് എലവേറ്ററുകളും സൈബര്‍ ടവറില്‍ സജ്ജമാക്കിയിരിക്കുന്നു. സെക്കന്‍ഡില്‍ മൂന്നു മീറ്റര്‍ വേഗത്തിലാണ് എലവേറ്ററിന്റെ സഞ്ചാരം. ഓരോ നിലയിലുമുള്ള മൂന്ന് റെസ്റ്റ് റൂമുകളില്‍ ഒന്ന് ഭിന്നശേഷിയുള്ളവര്ക്കായാണ് സജ്ജമാക്കിയിരിക്കുന്നത്. 10 നിലകളുള്ള സൈബര്‍ ടവര്‍ 1ല്‍ ഫുഡ്കോര്‍ട്ട്, ബാങ്കുകള്‍, എ ടി എമ്മുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, 400 ഓളം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. സെന്‍ട്രലൈസ്ഡ് എയര്‍കണ്ടീഷന്‍ ചെയ്ത ബില്‍ഡിംഗില്‍ ആറ് പാസഞ്ചര്‍ എലവേറ്ററുകളും ഒരു സര്‍വീസ് എലവേറ്ററും ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ഒരു പ്രത്യേക എലവേറ്ററും പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ അതിവേഗം വളരുന്ന ഐ ടി ഹബ്ബുകളിലൊന്നായ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഐ ടി മേഖലയിലെ ആഗോള കോര്‍പറേറ്റുകളെ സ്വാഗതം ചെയ്യാന്‍ പൂര്‍ണസജ്ജമാണ് സൈബര്‍ ടവര്‍ ഒന്നും രണ്ടും ഉള്‍പ്പെടുന്ന ലുലു സൈബര്‍ പാര്‍ക്ക്. 22 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള, ലോകത്തെ അതിവേഗം വളരുന്ന കമ്പനികളിലൊന്നായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഐ ടി മേഖലയിലേക്കുള്ള കടന്നു വരവ് കേരളത്തിലെ ഐ ടി വിപ്ലവത്തിന് ഗതിവേഗം കൂട്ടും.