കേരളത്തില്‍ മഴക്കെടുതി മൂലമുള്ള നാശനഷ്ടം മറികടക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രളയ സാഹചര്യം അവലോകനം ചെയ്യാന്‍ രൂക്ഷമായ മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് പിണറായി വിജയന് ഈ ആവശ്യം ഉന്നയിച്ചത്. കാലവര്‍ഷത്തില്‍ ഇതുവരെ സംഭവിച്ച നാശ നഷ്ടങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളും പുനരധിവാസവും മുഖ്യമന്ത്രി വിശദീകരിച്ചു. വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കാമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും, ആരോഗ്യ മന്ത്രി കെകെ ശൈലജയും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും യോഗത്തില്‍ പങ്കെടുത്തു. കേരളത്തിന് പുറമെ, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബിഹാര്‍, അസം സംസ്ഥാനങ്ങളും യോഗത്തില്‍ പങ്കെടുത്തു.