മലപ്പുറം: ഉരുൾപ്പൊട്ടി ഒരു പ്രദേശമാകെ മണ്ണിനടിയിലായ കവളപ്പാറയിൽ രക്ഷാപ്രവര്‍ത്തനം വഴിമുട്ടുന്നു. രക്ഷാ പ്രവര്‍ത്തനത്തിനിടെ വീണ്ടും പ്രദേശത്ത് ഉരുൾപ്പൊട്ടലുണ്ടായി. അതിശക്തമായ മഴ മണിക്കൂറുകളായി തുടരുന്ന അവസ്ഥയാണ്. ആളുകൾ അകപ്പെട്ടുപോയെന്ന് നാട്ടുകാര്‍ പറയുന്ന മൺകൂനക്ക് അകത്ത് നിന്ന് വലിയ ദുര്‍ഗന്ധം വരുന്നുണ്ട്. കനത്ത മഴ പെയ്യുന്നു. ചവിട്ടിയാൽ പുതഞ്ഞ് പോകുന്ന വലിയ മൺകൂനയായി മാറിയ പ്രദേശത്ത് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഇപ്പോൾ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. വീണ്ടും ഉരുൾപ്പൊട്ടലുണ്ടായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെ മുഴുവൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സൂക്ഷ്മതയോടെയുള്ള രക്ഷാ പ്രവര്‍ത്തനമാണ് പ്രദേശത്ത് വേണ്ടതെന്ന് അധികൃതരെത്തി മുന്നറിയിപ്പ് നൽകിയിരുന്നു.