ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും മൂന്ന് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും പ്ലസ് വണ്‍ സീറ്റ് വര്‍ധന അനുവദിച്ചുള്ള ഉത്തരവിറങ്ങി.
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറികളിലാണ് 30 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചത്.
ഇതേ ജില്ലകളിലെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ 20 ശതമാനം സീറ്റും വര്‍ധിപ്പിച്ചു. എയ്ഡഡ് സ്കൂളുകള്‍ ആവശ്യപ്പടുന്ന പക്ഷം പത്ത് ശതമാനം സീറ്റ് കൂടി വര്‍ധിപ്പിക്കും.
കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലാണ് 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചത്. ഇതിനു പുറമെ കഴിഞ്ഞവര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 79 ഉള്‍പ്പെടെ 81 ബാച്ചുകള്‍ ഈ വര്‍ഷവും തുടരാനും സര്‍ക്കാര്‍ ഉത്തരവിലൂടെ അനുമതിയായി.
പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷ നാളെ മുതല്‍:
കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് നാളെ മുതല്‍ 18 വരെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും ചേര്‍ത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാള്‍ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതില്‍ തടസ്സമില്ല.
പ്രവേശന യോഗ്യത:
എസ്എസ്എല്‍സി / 10-ാം ക്ലാസ് / തുല്യപരീക്ഷയില്‍ ഓരോ പേപ്പറിനും കുറഞ്ഞത് ‘ഡി +’ ഗ്രേഡ് അഥവാ തുല്യമാര്‍ക്കു വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം. സിബിഎസ്ഇ വിഭാഗത്തില്‍ ബോര്‍ഡ് തല പരീക്ഷ ജയിച്ചവരെയാണ് ആദ്യറൗണ്ടില്‍ പ്രവേശനത്തിനു പരിഗണിക്കുക. 2018 മാര്‍ച്ചിനു മുന്‍പ് വെവ്വേറെ സ്കൂള്‍/ബോര്‍ഡ്-തല പരീക്ഷകളുണ്ടായിരുന്നു.
അന്നു യോഗ്യത നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ തെളിവിനായി 9-ാം അനുബന്ധത്തിലെ ഫോര്‍മാറ്റില്‍ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. സ്കൂള്‍ തല സിബിഎസ്ഇക്കാരെ മുഖ്യ അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് പരിഗണിക്കും. സിബിഎസ്ഇയില് ‘മാത്തമാറ്റിക്സ് സ്റ്റാന്‍ഡേഡ്’ ജയിച്ചവര്‍ക്കു മാത്രമേ മാത്സ് ഉള്‍പ്പെട്ട വിഷയങ്ങളുടെ കോംബിനേഷന്‍ എടുക്കാന്‍ കഴിയൂ.
10-ാം ക്ലാസില്‍ നേടിയ മാര്‍ക്കുകള്‍ പ്രത്യേക രീതിയില്‍ കൂട്ടിയെടുക്കുന്ന WGPA (വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ്) അടിസ്ഥാനമാക്കിയാണ് റാങ്ക് തീരുമാനിക്കുന്നത്. റാങ്ക്, കുട്ടികളുടെ താല്പര്യം, സീറ്റുകളുടെ ലഭ്യത എന്നിവ പരിഗണിച്ച് കംപ്യൂട്ടര്‍ പ്രോഗ്രാം വഴി സിലക്ഷനും അലോട്െമന്റും നടത്തും.
2022 ജൂണ്‍ 1 ന് പ്രായം 15-20 വയസ്സ്.
കേരളത്തിലെ പൊതുപരീക്ഷാ ബോര്‍ഡില്‍ നിന്നു ജയിച്ചവര്‍ക്കു കുറഞ്ഞ പ്രായപരിധിയില്ല. മറ്റു ബോര്‍ഡുകാര്‍ക്കു കുറഞ്ഞതും കൂടിയതുമായ പരിധികളില്‍ 6 മാസം വരെ ഇളവ് നിര്‍ദിഷ്ട അധികാരികളില്‍നിന്നു വാങ്ങാം. കേരള ബോര്‍ഡുകാര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ 6 മാസം വരെയും. പട്ടികവിഭാഗക്കാര്‍ക്ക് 22, അന്ധ / ബധിര വിഭാഗക്കാര്‍ക്കും ബുദ്ധിപരമായി വെല്ലുവിളി നേടുന്നവര്‍ക്കും 25 വരെയാകാം.
അപേക്ഷ എങ്ങനെ:
www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഹയര്‍ സെക്കന്‍ഡറി സൈറ്റിലെത്തുക.
തുടര്‍ന്ന്, PUBLIC എന്നതിനു താഴെനിന്ന് പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങള്‍, അപേക്ഷയ്ക്കുള്ള യൂസര്‍ മാനുവല്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്ത്,
വ്യവസ്ഥകള്‍ പഠിക്കുക.
ഓണ്‍ലൈനായി മാത്രമാണ് അപേക്ഷാ സമര്‍പ്പണം.
ഹയര്‍ സെക്കന്‍ഡറി സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോഗിന്‍ ചെയ്യുക.
മൊബൈല്‍ ഒടിപി വഴി പാസ്വേഡ് നല്കി വേണം അപേക്ഷ, ഓപ്ഷന് സമര്‍പ്പണം, ഫീസടയ്ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഇതേ ലോഗിന്‍ വഴി തന്നെ.
യൂസര്‍ മാനുവലിലും പ്രോസ്പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിലും അപേക്ഷിക്കാനുള്ള പടിപടിയായ നിര്‍ദേശങ്ങളുണ്ട്.
എട്ടാം അനുബന്ധത്തില്‍ ഫോമിന്റെ മാതൃകയും. അപേക്ഷയില്‍ കാണിക്കേണ്ട യോഗ്യതകള്‍, അവകാശപ്പെടുന്ന ആനുകൂല്യങ്ങള്‍ എന്നിവയ്ക്കുള്ള രേഖകള്‍ കയ്യില്‍ കരുതണം;
നമ്പറും തീയതിയും മറ്റും അപേക്ഷയില്‍ ചേര്‍ക്കേണ്ടിവരും.
സൈറ്റില്‍ നിന്നു കിട്ടുന്ന അപേക്ഷാ നമ്പര്‍ എഴുതി സൂക്ഷിക്കുക.
സാധാരണഗതിയില്‍ രേഖകളൊന്നും അപ്ലോഡ് ചെയ്യാത്തതിനാല്‍ നിങ്ങള്‍ നല്കുന്ന വിവരങ്ങളനുസരിച്ചാണ് സെലക്ഷന്.
അപേക്ഷയില്‍ തെറ്റു വരാതെ ശ്രദ്ധിക്കണം.
ഭിന്നശേഷിക്കാരും, 10-ാം ക്ലാസില്‍ Other (കോഡ് 7) സ്കീമില്‍ പെട്ടവരും നിര്‍ദിഷ്ടരേഖകള്‍ അപ്ലോഡ് ചെയ്യണം.
ഓണ്‍ലൈന്‍ അപേക്ഷ തനിയെ തയാറാക്കി സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക്, അവര്‍ പഠിച്ച സ്കൂളിലെയോ, സ്വന്തം ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെയോ കംപ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും സൗജന്യമായി പ്രയോജനപ്പെടുത്തി, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. സംശയ പരിഹാരത്തിന് ഈ വിഭാഗങ്ങളില്‍പെട്ട എല്ലാ സ്കൂളുകളിലും ഹെല്പ് ഡെസ്കുകളുണ്ട്.