തിരുവനതപുരം : ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടല്‍, കേരളാ സര്‍വ്വകലാശാല 37 പേരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കും. അറുന്നൂറോളം വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നീക്കം ചെയ്യാനും തീരുമാനം. മൂന്നുവര്‍ഷം മുമ്പത്തെ ബി.എസ്.സി ബിരുദ പരീക്ഷയില്‍ ചോര്‍ത്തിയ പാസ്സ്വേര്‍ഡ് ഉപയോഗിച്ച് കൂട്ടിയെഴുതിയ മാര്‍ക്കുകളും പാസ്സായ 37 പേരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുമാണ് റദ്ദാക്കുക. ഡോ:മോഹന്‍ കുന്നുമേലിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനാമെടുത്തത്.
മൂന്ന് വര്‍ഷം മുന്‍പ് തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്രിമമായി വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റുകളും ഉയര്‍ന്ന മാര്‍ക്കുകളും നല്കിയ സംഭവം സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഇവ റദ്ദാക്കുന്നില്ലെന്ന വിവരം ഗവര്‍ണറെ ധരിപ്പിച്ചു. തുടര്‍ന്നാണ് ഉടന്‍ നടപടി എടുക്കാന്‍ കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍ദ്ദേശിച്ചത്. ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം വൈസ് ചാന്‍സലര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്കുകളും റദ്ദാക്കാനുള്ള നിര്‍ദ്ദേശം ഇന്നലെ ചേര്‍ന്ന സിണ്ടിക്കേറ്റിന്റെ പരിഗണനയ്ക്ക് വെക്കുകയായിരുന്നു. വിസി യുടെ ഈ നിര്ദ്ദേശംസിണ്ടിക്കേറ്റ് അംഗീകരിക്കുകയായിരുന്നു.
അറുന്നൂറോളം വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നീക്കം ചെയ്യും
അനര്‍ഹമായി നല്കിയ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പടെ അറുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടി നല്കിയ മാര്‍ക്ക് അവരുടെ പ്രൊഫൈലില്‍ നിന്ന് നീക്കം ചെയ്യാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. വിദേശത്തുജോലി നേടിയ ചിലരും റദ്ദാക്കിയ സര്‍ട്ടിഫിക്കേറ്റ് കൈപ്പറ്റിയവരിലുണ്ട്.
മാര്‍ക്ക് തിരിമറിയുമായി ബന്ധപ്പെട്ട് ഒരു സെക്ഷന്‍ ഓഫീസറെ സര്‍വീസില്‍ നിന്നും സര്‍വ്വകലാശാല പിരിച്ചുവിട്ടുവെങ്കിലും ഇത് സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരങ്ങള്‍ നല്‍കുകയോ വ്യാജ റിസള്‍ട്ടുകള്‍ റദ്ദാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പരീക്ഷ വിഭാഗത്തിന് നല്‍കുകയോ അധികൃതര്‍ ചെയ്തിരുന്നില്ല.
സ്റ്റാന്‍ഡിങ് കോണ്‍സലും തിരിമറി കോടതിയെ അറിയിച്ചില്ല
ഗ്രേസ് മാര്‍ക്ക് തിരുത്തി വിജയിപ്പിച്ച ഒരു വിദ്യാര്‍ത്ഥിക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പുനഃ പരിശോധന ഹര്‍ജ്ജി നല്കാന് യൂണിവേഴ്സിറ്റി സ്റ്റാന്‍ഡിങ് കോണ്‍സലിന് വിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തിരിമറിയിലൂടെയാണ് ഗ്രേസ് മാര്‍ക്ക് നേടിയതെന്ന വിവരം കോടതിയില്‍ ബോധിപ്പിക്കാത്തത് കൊണ്ട് വിധിക്കെതിരെ അപ്പീല്‍ നല്‍കാനും തീരുമാനിച്ചു.
അന്വേഷണം ഇതേവരെ പൂര്‍ത്തിയാക്കിയില്ല.
മാര്‍ക്ക് തിരിമറി അന്വേഷിക്കുവാന്‍ മുന്‍ പിവിസി ഡോ. അജയകുമാര്‍ അധ്യക്ഷനായ സിന്‍ഡിക്കേറ്റ് ഉപസമിതിയെ ചുമതലപെടുത്തിയിരുന്നു. എന്നാല്‍ ഈ സമിതി തിരിമറി സംബന്ധിച്ച അന്വേഷണം ഇതേവരെ പൂര്‍ത്തിയാക്കിയില്ല. ഇതാണ് മാര്‍ക്ക് റദ്ദാക്കാതിരിക്കാന്‍ കാരണമായി പരീക്ഷ വിഭാഗം വിസി ക്ക് വിശദീകരണം നല്‍കിയിരുന്നത്.