മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരുന്ന പ്രതിദിന വാർത്താസമ്മേളനം ഇനിയുണ്ടാവില്ല. അടിയന്തിര പ്രഖ്യാപനങ്ങളുണ്ടെങ്കിൽ മാത്രം വാർത്താസമ്മേളനം നടത്താനാണ്
ആലോചന. അതല്ലെങ്കിൽ ഇടവിട്ടുള്ള ദിവസങ്ങളിലോ മന്ത്രിസഭായോഗം നടക്കുന്ന ബുധനാഴ്ചകളിലോ പത്രസമ്മേളനം നടത്തും. കഴിഞ്ഞ രണ്ടുദിവസങ്ങളിലും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഉണ്ടായിരുന്നില്ല. കൊവിഡ് നിയന്ത്രണവിധേയമായ ഘട്ടത്തിൽ വാർത്താസമ്മേളനം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ പിന്നീട് പുനരാരംഭിച്ചു. പുനരാരംഭിക്കണമെന്ന് വിദേശമലയാളികൾ അടക്കമുള്ളവർ സമ്മർദ്ദം ചെലുത്തിയ സാഹചര്യത്തിലാണ് പത്രസമ്മേളനം പുനരാരംഭിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. പ്രവാസികളുടെ വരവ് തുടരുന്നതിനാൽ ജൂലായ് പകുതി വരെ രോഗവ്യാപനത്തോത് ഉയരുമെന്നാണ് സർക്കാർ വിലയിരുത്തൽ.
ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വരുകയും പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ പത്രസമ്മേളനത്തിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തൽ.