വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
അതേസമയം, സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി തേനീച്ച ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം നീലഗിരി ഗൂഡല്ലൂരില്‍ തേനിച്ചയുടെ കുത്തേറ്റ് കോഴിക്കോട് സ്വദേശി മരിച്ചിരുന്നു. കോഴിക്കോട് ആയഞ്ചേരി വെള്ളിയാട് ഇബ്രാഹിമിന്റെ മകന് മുഹമ്മദ് സബീറാണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ സൂചിമലയിലായിരുന്നു സംഭവം.
കാർ റോഡരികിൽ പാർക്ക് ചെയ്തു വനഭാഗത്ത് എത്തിയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. സബീര്‍ കുത്തേറ്റ് വീണുപോയി. സംഭവമറിഞ്ഞ് വനം വകുപ്പും പൊലിസും ഫയര്‍ സര്‍വീസും എത്തിയാണ് മറ്റുള്ളവരെ രക്ഷിച്ചത്. അപ്പോഴേക്കും സബീര്‍ മരിച്ചിരുന്നു.