വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് നിയമനം. വയനാട് കളക്ടറേറ്റിലെത്തി ശ്രുതി ജോലിയിൽ പ്രവേശിച്ചു. ജോലി ലഭിച്ചതിൽ സന്തോഷം ഉണ്ടെന്നും ഏവരോടും നന്ദിയുണ്ടെന്നും ശ്രുതി പ്രതികരിച്ചു. കൃത്യനിർവഹണം വേഗത്തിൽ മനസ്സിലാക്കാനും പഠിച്ചെടുക്കാനും കഴിയുന്ന വിഭാഗത്തിലാണ് ചുമതല നൽകിയിരിക്കുന്നത് എഡിഎം പ്രതികരിച്ചു.
ചുമതല ഏൽക്കും മുമ്പ് ശ്രുതിയെ റവന്യൂ മന്ത്രി കെ രാജൻ ഫോണിൽ വിളിച്ചു. റവന്യൂ വകുപ്പ് പരാതി പരിഹാര സെല്ലിലെ തപാൽ വിഭാഗത്തിലാണ് ശ്രുതിക്ക് ജോലി. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റിൽ നിയമനം നൽകിയത്. നിലവിൽ ചെയ്തിരുന്ന ജോലി തുടരാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ജോലി ശ്രുതി ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതിക്ക് ജോലി നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന് ജെന്‍സണെയും ഒരു പാകത്തിൽ നഷ്ടമായി. വയനാട് കൽപറ്റയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് പ്രാര്‍ഥനകളെല്ലാം വിഫലമാക്കി ജെന്സണ് വിടപറഞ്ഞത്. ഉരുൾപൊട്ടലിനുശേഷം ബന്ധുവിനൊപ്പം കൽപ്പറ്റയിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരന്റെ അപ്രതീക്ഷിത വിയോഗം.